വ്യവസായമന്ത്രിയുടെ മണ്ഡലത്തിൽ പുതിയ ‘നാർക്കോട്ടിക് സംരംഭം’ ആരംഭിച്ചെന്ന് ട്രോൾമഴ!! കളമശേരി കേസിൽ പരിഹാസവുമായി സോഷ്യൽ

“ഹോൾസെയിലായി കിലോക്കണക്കിന് എത്തുന്ന കഞ്ചാവ് ചില്ലറ വിൽപ്പനക്കായി ചെറിയ പൊതികളിലാക്കി റീപാക്കേജ് ചെയ്യുന്ന ഒരു വ്യവസായ സംരംഭം കളമശ്ശേരി പോളിടെക്നിക്ക് കോളേജ് ഹോസ്റ്റലിൽ പ്രവർത്തനം ആരംഭിച്ചു. ത്രാസ് അടക്കമുള്ള ആധുനിക യന്ത്രങ്ങൾ ഉപയോഗിക്കുന്നതിലൂടെ കൃത്യമായ അളവിലും തൂക്കത്തിലും ഉൽപ്പന്നം ഉപഭോക്താക്കൾക്ക് എത്തിച്ചു നൽകാനാവുമെന്നാണ് സംരംഭകർ ഉറപ്പുനൽകുന്നത്. വ്യവസായ വകുപ്പ് മന്ത്രിയുടെ സ്വന്തം മണ്ഡലത്തിലാണ് ഈ നൂതന സംരംഭം പ്രവർത്തിക്കുന്നത്. ഇതോടുകൂടി സംസ്ഥാനത്തെ മൊത്തം സംരംഭങ്ങളുടെ എണ്ണം മൂന്ന് ലക്ഷത്തി കാക്കത്തൊള്ളായിരത്തി ഒന്ന് ആയി വർദ്ധിച്ചതായും കേരളം ഈസ് ഓഫ് ഡൂയിംഗ് നാർക്കോട്ടിക് ബിസിനസ് സൂചികയിൽ ഒന്നാം സ്ഥാനം ഉറപ്പിച്ചതായും പിആർ വ്യവസായ വകുപ്പ് പത്രക്കുറിപ്പിൽ അറിയിച്ചു.”

വ്യാഴം രാത്രിയിലെ കളമശേരി പോളിടെക്നിക്ക് കോളജ് ഹോസ്റ്റലിലെ റെയ്ഡും അതിൽ എസ്എഫ്ഐ നേതാക്കളിൽ ഒരാൾ കുടുങ്ങിയതും പരാമർശിച്ച് പ്രചരിക്കുന്ന ട്രോളുകളിൽ ഒന്ന് മാത്രമാണിത്. കേരളത്തിൻ്റെ വ്യവസായ വികസനത്തെക്കുറിച്ചുള്ള മന്ത്രി പി രാജീവിൻ്റെ അവകാശവാദങ്ങൾ ഈയിടെ വലിയ ചർച്ചയായതാണ്. പെട്ടിക്കടകളും ചായക്കടകളും അടക്കം സ്വന്തം നിലയ്ക്ക് നാട്ടുകാർ തുടങ്ങിവച്ചതിനെയെല്ലാം സർക്കാരിൻ്റെ നേട്ടങ്ങളുടെ പട്ടികയിൽ എഴുതിച്ചേർത്ത് എണ്ണം പെരിപ്പിച്ചുവെന്ന ആക്ഷേപമാണ് പ്രധാനമായും ഉയർന്നത്. പ്രത്യേകിച്ച് ശശി തരൂർ എംപി കൂടി അതിൻ്റെ പേരിൽ സർക്കാരിനെ അനുകൂലിച്ച് രംഗത്ത് എത്തിയതും വൻ ചർച്ചയായി. ഒടുവിൽ തരൂർ തന്നെ സർക്കാർ വാദത്തെ കടലാസിലെ നേട്ടമെന്ന് തള്ളിപ്പറയുന്നത് വരെയെത്തി.

ഈസ് ഓഫ് ഡൂയിങ് ബിസിനസ് സൂചികയിൽ കേന്ദ്രത്തിൻ്റെ അംഗീകാരം കേരളത്തിന് കിട്ടിയെന്ന വിമർശനവും വ്യാപകമായി ചോദ്യം ചെയ്യപ്പെട്ടതാണ്. ഇതിനെല്ലാം പിന്നാലെയാണ് ഏറ്റവും ഈസിയായി ചെയ്യാവുന്ന ഒരു ബിസിനസ് സർക്കാരിൻ്റെ പിന്തുണയിൽ എസ്എഫ്ഐക്കാർ തുടങ്ങിയെന്ന മട്ടിൽ പരിഹാസം പ്രചരിക്കുന്നത്. വ്യവസായമന്ത്രി പി രാജീവിൻ്റെ സ്വന്തം മണ്ഡലമാണ് കളമശേരി. ഇവിടെയാണ് ലഹരിക്കേസിൽ എസ്എഫ്ഐ പ്രതിക്കൂട്ടിലായിരിക്കുന്നത്. രാജീവും പഠിച്ച കളമശേരി പോളിടെക്നിക്ക് കോളജിൻ്റെ ഹോസ്റ്റലിൻ്റെ രണ്ടു മുറികളിൽ നിന്നാണ് രണ്ടുകിലോയോളം കഞ്ചാവ് പോലീസ് പിടികൂടിയത്. ഇതിലൊരു മുറിയിൽ താമസക്കാരൻ ആയിരുന്ന എസ്എഫ്ഐ നേതാവ് അഭിരാജ് ആണ് പിടിയിലായവരിൽ ഒരാൾ. ലഹരിയുടെ അളവ് കുറവായതിനാൽ പോലീസ് ജാമ്യത്തിൽ വിട്ടെങ്കിലും ഇതുണ്ടാക്കുന്ന ക്ഷീണം ചെറുതല്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top