കളമശേരി ഹോസ്റ്റലിലെ ലഹരി ഇടപാടിനായി പണം മുടക്കിയയാളെ തിരിച്ചറിഞ്ഞു; മൂന്നാം വർഷ വിദ്യാർത്ഥിക്കായി തിരച്ചിൽ

കൊച്ചി കളമശേരി പോളിടെക്നിക് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ കേസിലെ നിർണായക കണ്ണിയായ വിദ്യാർത്ഥിക്കായി തിരച്ചിൽ ഊർജിതം. കൊല്ലംകാരനായ ഇയാളാണ് പണമിടപാട് നടത്തിയതെന്ന് അറസ്റ്റിലായ മൂന്നുപ്രതികളും മൊഴി നൽകിയിട്ടുണ്ട്. ലഹരി എത്തിച്ച് നൽകിയ ഇതര സംസ്ഥാന തൊഴിലാളിയെക്കുറിച്ചും കൃത്യം വിവരമുണ്ടെന്ന് പോലീസ് പറയുന്നു.

റിമാൻഡിലുള്ള വിദ്യാർത്ഥി ആകാശിനെ ചോദ്യം ചെയ്ത് കൂടുതൽ വിവരം ശേഖരിക്കാനുള്ള നടപടി തുടങ്ങും. ഇതിനായി കസ്റ്റഡി അപേക്ഷ നാളെ സമർപ്പിക്കും. ഇതിലൂടെ ഹോസ്റ്റലിലെ ലഹരി ഇടപാടുകളിൽ കണ്ണികളായ കൂടുതൽ പേരെക്കുറിച്ച് വിവരങ്ങൾ കിട്ടുമെന്നാണ് പൊലീസിന്‍റെ കണക്കുകൂട്ടൽ. ഹോസ്റ്റൽ റെയ്ഡിന് പിന്നാലെ വിദ്യാർത്ഥികളെ ലക്ഷ്യമിട്ടുള്ള ലഹരിയിടപാടുകളിൽ പിടിമുറുക്കാനുള്ള നീക്കത്തിലാണ് കൊച്ചി പോലീസ്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയാണ് കളമശേരി പോളിടെക്നിക്ക് ഹോസ്റ്റലിലെ രണ്ടുമുറികളിൽ നിന്നായി രണ്ടുകിലോയോളം കഞ്ചാവ് പോലീസ് റെയ്ഡ് നടത്തി പിടികൂടിയത്. ഇതിൽ പ്രതിചേർത്ത മൂന്നുപ്രതികളിൽ ഒരാൾ ക്യാമ്പസിലെ എസ്എഫ്ഐ പ്രവർത്തകനായതോടെ ആണ് വൻ വിവാദമായി മാറിയത്.

ഇന്നലെ രാത്രി വൈകി കുസാറ്റ് പരിസരത്തെ സ്വകാര്യ ഹോസ്റ്റലുകളിലും വിദ്യാർത്ഥികൾ താമസിക്കുന്ന മറ്റിടങ്ങളിലുമെല്ലാം മിന്നൽ പരിശോധന നടത്തി. ഹോസ്റ്റലുകളിൽ നിന്ന് ചെറിയതോതിൽ കഞ്ചാവ് കണ്ടെത്തിയിട്ടുണ്ട്. ഒരു വിദ്യാർത്ഥിയെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്താനും വ്യാപക പരിശോധനയുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top