കലാനിധി മാരന്‍ ഇന്ത്യയില്‍ ഏറ്റവും സമ്പന്നനായ സിനിമാനിര്‍മാതാവ്; ആസ്തി 33,400 കോടി; കടത്തിവെട്ടുന്നത് ബോളിവുഡിനെ

ഇന്ത്യന്‍ സിനിമാ ഇന്‍ഡസ്ട്രിയില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തുന്നത് ബോളിവുഡാണ്. അതുകൊണ്ട് തന്നെ ബോളിവുഡിലെ നിര്‍മ്മാതാക്കളും അഭിനേതാക്കളും സംവിധായകരും എല്ലാം പ്രശസ്തരാണ്. പ്രശസ്തി മാത്രമല്ല സമ്പത്തുകൊണ്ടും ഇവരെല്ലാം മുന്നിലാണ്. ഇന്ത്യയില്‍ ഏറ്റവും ധനികരായവരുടെ ഹുറുൺ ഇന്ത്യ 2024 ലിസ്റ്റില്‍ ഷാറുഖ് ഖാൻ്റെ ആസ്തി 7,300 കോടി രൂപയാണ്. അമിതാഭ് ബച്ചൻ്റെയും കുടുംബത്തിൻ്റെയും ആകെ സമ്പത്ത് 1,600 കോടി രൂപയാണ്. കരൺ ജോഹറിൻ്റെ ആസ്തി 1,400 കോടി രൂപയും.

എന്നാല്‍ ശതകോടീശ്വരനായ നിര്‍മാതാവ് ബോളിവുഡിലല്ല, ടോളിവുഡിലാണ്. അത് മറ്റാരുമല്ല തമിഴ് നിര്‍മ്മാതാവും കൊടികുത്തിയ വ്യവസായിയുമായ സണ്‍ ഗ്രൂപ്പ് സ്ഥാപകന്‍ കലാനിധി മാരനാണ്. മുന്‍ തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധിയുടെ കുടുംബാംഗമാണ് കലാനിധി. കലാനിധിമാരന് ബോളിവുഡുമായി ഒരു ബന്ധവുമില്ല. തമിഴ് സിനിമാരംഗത്താണ് അദ്ദേഹത്തിന്റെ സ്വാധീനം.

ഹുറുൺ ഇന്ത്യയുടെ പുതിയ കണക്കനുസരിച്ച് ഏറ്റവും ആസ്തിയുള്ള ഇന്ത്യന്‍ വ്യവസായികളുടെ ലിസ്റ്റില്‍ കലാനിധി മാരന്‍ 80-ാം സ്ഥാനത്താണ്. മാരന്റെ നിലവിലെ ആസ്തി 33,400 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ അദ്ദേഹത്തിന്റെ റാങ്കിങ് അഞ്ച് എണ്ണം കുറഞ്ഞെങ്കിലും സമ്പത്തിൽ 34% വർധനവ് ഉണ്ടായിട്ടുണ്ട്.

മാരൻ്റെ ഉടമസ്ഥതയിലുള്ള സൺ ഗ്രൂപ്പിന് 30ല്‍ അധികം ടെലിവിഷൻ ചാനലുകൾ, രണ്ട് പത്രങ്ങൾ, അഞ്ച് മാസികകൾ, സൺ പിക്‌ചേഴ്‌സ് സിനിമാ നിർമ്മാണ കമ്പനി, സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ സൺ എൻഎക്‌സ്‌ടി, ഡിടിഎച്ച് സേവനമായ സൺ ഡയറക്‌ട് എന്നിവയുണ്ട്. ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദ്, ദക്ഷിണാഫ്രിക്കയുടെ ടി20 ലീഗിൽ കളിക്കുന്ന സൺറൈസേഴ്സ് ഈസ്റ്റേൺ കേപ്പും അദ്ദേഹത്തിൻ്റേതാണ്.

തമിഴ്നാട്ടില്‍ ഏറ്റവും സ്വാധീനമുള്ള രാഷ്ട്രീയ കുടുംബമാണ് കരുണാനിധിയുടേത്. ഈ കുടുംബത്തിലെ പ്രധാനിയായ മുരശൊലി മാരന്റെ മകനാണ് കലാനിധി. ഡിഎംകെയുടെ പ്രമുഖ നേതാവായിരുന്നു മുരശൊലി. ചെന്നൈയിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ കലാനിധി യുഎസിലെ പെൻസിൽവാനിയയിലെ സ്ക്രാൻ്റൺ സർവകലാശാലയിൽ നിന്ന് എംബിഎ ബിരുദം നേടി. 1993ല്‍ ആണ് സണ്‍ ടിവി ആരംഭിച്ചത്. അതാണ്‌ പിന്നീട് സണ്‍ ഗ്രൂപ്പ് ആയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top