കളരിത്തറ കതിർമണ്ഡപമായി; കല്യാണത്തിന് വേദിയായി അഗസ്ത്യം കളരി
തിരുവനന്തപുരം: കച്ചമുറുക്കി കളരിത്തറ തൊഴുത് രാഹുലും ശില്‍പയും എത്തിയത് അങ്കത്തിനല്ല, ജീവിതത്തിലേക്ക് ഒന്നിച്ച് ചുവടുവയ്ക്കാനാണ്. 128 വർഷത്തെ പാരമ്പര്യത്തിൽ ഇതുവരെ ഇല്ലാത്ത ഒരു സമ്പ്രദായം കൊണ്ടുവരികയാണ് തിരുവനന്തപുരത്തെ അഗസ്ത്യം കളരി. വധൂവരൻമാരായ രാഹുല്‍ സുരേഷും ശില്‍പ കൃഷ്ണയും കളരി പരിശീലകർ. അതുകൊണ്ട് വിവാഹം കളരിയിൽ തന്നെ ആകണമെന്ന ഇവരുടെ തീരുമാനത്തിന് ഒപ്പം നിന്നു എല്ലാവരും. കളരിയുടെ ഉടുത്തു കെട്ടിൽ തന്നെയാണ് ഇരുവരും എത്തിയത്. കളരിത്തറ തൊഴുത് വിവാഹവേദിയിൽ പ്രവേശിച്ചു. ഗുരുക്കന്മാരെ വണങ്ങി, കളരിത്തറയിൽ ഒരുക്കിയ വേദിയിൽ താലി ചാർത്തി.
രാഹുലിന്റെയും ശില്‍പയുടെയും ഗുരുവായ ഡോ. മഹേഷ് കിടങ്ങിലിന്റെ മേൽനോട്ടത്തിലാണ് കല്യാണം നടന്നത്. ഗുരുക്കൾ തന്നെയാണ് കളരിയിൽ അധിഷ്ഠിതമായ കല്യാണസമ്പ്രദായം രൂപപ്പെടുത്തിയത്. പത്ത് വർഷത്തിലേറെയായി കളരി അഭ്യസിക്കുന്ന ഇവർ ജീവിതത്തിൽ ഒന്നിക്കുമ്പോഴും കളരിത്തറയും കളരി പരമ്പര ദൈവങ്ങളും തന്നെ സാക്ഷി.