കല്യാൺ സിൽക്സിന് പിഴയടിച്ച് ഉപഭോക്തൃ കോടതി; തകരാറുള്ള സാരി മാറ്റി നല്‍കാത്തതിന് 75000 രൂപ നഷ്ടപരിഹാരം

കൊച്ചി: തകരാറുള്ള വിവാഹ സാരി മാറ്റിനൽകാൻ വിസമ്മതിച്ചതിന് കല്യാണ്‍ സിൽക്സിനെതിരെ നടപടി. പരാതി നൽകിയ വീട്ടമ്മക്ക് നഷ്ടപരിഹാരമായി 75,040 രൂപ നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ ഉത്തരവിട്ടു.

കൊച്ചിയിലെ കല്യാൺ സിൽക്സില്‍ നിന്നും 2018 ജനുവരി 12നാണ് ചങ്ങനാശ്ശേരി സ്വദേശി പ്രൊഫസര്‍ സാറ തോമസ് മുപ്പതിനായിരത്തി നാൽപതു രൂപ നൽകി സിൽക്ക് സാരി വാങ്ങിയത്. മകളുടെ വിവാഹത്തിനായാണ് സാരി വാങ്ങിയത്. വിവാഹം നടക്കാത്ത സാഹചര്യത്തിൽ സാരി ഉപയോഗിച്ചില്ല. 2019 ജനുവരി 23ന് സാരി പരിശോധിച്ചപ്പോഴാണ് കറുത്ത പാടുകൾ കണ്ടത്. വ്യാപാരിയെ സമീപിച്ചപ്പോൾ സാരി മാറ്റി നൽകാമെന്ന് ആദ്യം ഉറപ്പു നൽകിയെങ്കിലും പിന്നീട് വാക്കുപാലിച്ചില്ല. ഇതിനെത്തുടർന്നാണ് ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്.

സാരിക്ക് തകരാറില്ലെന്നും കാറ്റു കടക്കാത്ത പെട്ടിയിൽ ദീർഘകാലം സൂക്ഷിച്ചത് മൂലമാണ് കേടുപാട് സംഭവിച്ചതെന്നും കല്യാൺ സിൽക്സ് പ്രതിനിധി കോടതിയെ അറിയിച്ചിരുന്നു. ഇങ്ങനെ സംഭവിക്കാൻ സാധ്യതയുണ്ടെന്ന് നേരത്തെ ഉപഭോക്താവിന് മുന്നറിയിപ്പ് നൽകിയതായും വ്യാപാരി പറഞ്ഞു. എന്നാൽ സാരി എങ്ങനെയാണ് സൂക്ഷിക്കേണ്ടതെന്ന വ്യക്തമായ നിർദ്ദേശങ്ങൾ ഉപഭോക്താവിന് നൽകിയതായി കാണുന്നില്ലെന്ന് കമ്മിഷൻ നിരീക്ഷിച്ചു. പുതിയ ഉപഭോക്തൃ സംരക്ഷണ നിയമ പ്രകാരം വിൽപ്പനക്കാരനാണ് ജാഗ്രത പാലിക്കേണ്ടതെന്നും കമ്മിഷൻ ഉത്തരവിൽ വ്യക്തമാക്കി. സാരിയുടെ വിലയും 25,000 രൂപ നഷ്ടപരിഹാരവും 20,000 രൂപ കോടതി ചിലവും 30 ദിവസത്തിനകം നൽകണമെന്നാണ് ഡി.ബി.ബിനു, വി.രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവർ അടങ്ങിയ ബെഞ്ച് ഉത്തരവിട്ടത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top