‘കണ്‍മണി അന്‍പോട്’ താന്‍ ഇളയരാജക്കെഴുതിയ പ്രണയലേഖനമെന്ന് കമല്‍ഹാസന്‍; ‘ഗുണയുടെയും അഭിരാമിയുടെയും പ്രണയമല്ല’

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച പാട്ടുകളില്‍ ഒന്നാണ് കമല്‍ ഹാസന്‍ അഭിനയിച്ച ഗുണ എന്ന ചിത്രത്തിലെ ‘കണ്‍മണി അന്‍പോട്’. മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമ റിലീസ് ചെയ്തതിന് പിന്നാലെ പാട്ട് വീണ്ടും തരംഗമായിരിക്കുകയാണ്. ഈ അവസരത്തിലാണ് പാട്ടിനു പിന്നിലെ കഥവെളിപ്പെടുത്തി കമല്‍ഹാസന്‍ രംഗത്തെത്തുന്നത്.

‘എല്ലാവരും കരുതി ഇളയരാജ ഗുണയ്ക്കും അഭിരാമിക്കും വേണ്ടി ഈണമിട്ട പാട്ടാണ് ‘കണ്‍മണി’ എന്ന്. പക്ഷെ അതല്ല സത്യം. അത് ഞങ്ങളുടെ ലവ് സ്റ്റോറി ആയിരുന്നു. ഞാന്‍ അദ്ദേഹത്തിനൊരു പ്രണയ ലേഖനം എഴുതി. അദ്ദേഹം ആ വരികള്‍ക്ക് ഈണമിട്ടു.’

ഇളയരാജയുടെ ജീവിതത്തെ ആസ്പദമാക്കി അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കമല്‍ ഹാസന്‍. ഇളയരാജയോടുള്ള സ്‌നേവും ആരാധനയുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകളിലത്രയും.

താന്‍ ആദ്യമായി ഇളയരാജയെ കാണുന്ന കാലത്ത് ആ പേര് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ, ആളാരാണെന്ന് അറിയില്ലായിരുന്നു എന്ന് കമല്‍ ഹാസന്‍ ഓര്‍ത്തു.

‘ഞങ്ങള്‍ ആദ്യമായി കണ്ടിടത്തു നിന്ന് ഞാന്‍ കഥ പറയാം. ഗംഗൈ അമരനാണ് ഇളയരാജ എന്നാണ് ഞാന്‍ ആദ്യം കരുതിയത്. ഒരുപരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു. അവര്‍ ഇളയരാജയുടെ പേര് വിളിച്ചു. പക്ഷെ അമരന്‍ എഴുന്നേറ്റില്ല. വേറൊരാള്‍ എഴുന്നേറ്റ് സ്റ്റേജിലേക്ക് കയറിച്ചെന്നു. അന്ന് എനിക്ക് ഇളയരാജയെക്കുറിച്ച് അത്രമാത്രം അറിവേ ഉണ്ടായിരുന്നുള്ളൂ,’ കമല്‍ ഹാസന്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top