50 വര്‍ഷം ദൈവമില്ലാതെ ഞാന്‍ ജീവിച്ചു; പക്ഷെ കൂട്ടില്ലാതെ കുറച്ചു സമയത്തില്‍ കൂടുതല്‍ എനിക്ക് പറ്റില്ല; തുറന്ന് പറഞ്ഞ് കമല്‍ഹാസന്‍

അഭിനയം, പാട്ട്, നൃത്തം, എഴുത്ത്, സംവിധാനം, രാഷ്ട്രീയം… കമല്‍ഹാസന്‍ കൈവയ്ക്കാത്ത മേഖലകളില്ല. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തെ സകലകലാവല്ലഭന്‍ എന്നു വിളിക്കുന്നതും. അടുത്തിടെ മകള്‍ ശ്രുതി ഹാസനും ലോകേഷ് കനകരാജും പ്രണയജോഡികളായി എത്തിയ ഇനിമേല്‍ എന്ന മ്യൂസിക് വീഡിയോയ്ക്ക് വേണ്ടി കമല്‍ഹാസന്‍ വരികള്‍ എഴുതിയിരുന്നു. മുമ്പും പലതവണ അദ്ദേഹം ഗാനരചയിതാവിന്റെ വേഷമണിഞ്ഞിട്ടുണ്ട്. മണിരത്‌നത്തിന്റെ തഗ് ലൈഫ് എന്ന ഏറ്റവും പുതിയ ചിത്രത്തിനു വേണ്ടിയും കമല്‍ പാട്ടെഴുതുന്നുണ്ട്. ഇനിമേല്‍ എന്ന മ്യൂസിക് വീഡിയോയ്ക്ക് വേണ്ടി പാട്ടെഴുതാന്‍ ഇടയായ സാഹചര്യത്തെക്കുറിച്ചാണ് ഇപ്പോള്‍ കമല്‍ഹാസന്‍ സംസാരിക്കുന്നത്.
‘ഏകദേശം 2000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിലപ്പതികാരത്തില്‍ ഇളങ്കോവടികള്‍ എഴുതി, ഒരു പ്രണയം എത്ര മനോഹരമായി തുടങ്ങുകയും, ഒടുവില്‍ അത് എത്ര ഭയാനകമായി അവസാനിക്കുകയും ചെയ്യുന്നു എന്ന്. ഇന്നും ആ വിഷയം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. കോപാകുലയായ ഒരു സ്ത്രീ അനീതിക്കെതിരെ കലാപം നടത്തുന്നതിനെക്കുറിച്ച് സംസാരിച്ചാല്‍ ആളുകള്‍ കണ്ണകിയെ ഓര്‍ക്കും,’ കമല്‍ഹാസന്‍ പറഞ്ഞു.
ഇനിമേല്‍ എന്ന സംഗീത ആല്‍ബം കൈകാര്യം ചെയ്യുന്ന ആധുനിക കാലത്തെ ബന്ധങ്ങളുമായി തനിക്ക് കണക്ട് ചെയ്യാന്‍ കഴിഞ്ഞുവെന്ന് കമല്‍ഹാസന്‍ വെളിപ്പെടുത്തി. ‘പരമ്പരാഗതമായ എല്ലാ രീതികളെയും നിഷേധിച്ച് ജീവിക്കുന്ന ഒരാളാണ് ഞാന്‍. കഴിഞ്ഞ 50 വര്‍ഷമായി ഞാന്‍ ദൈവമില്ലാതെയാണ് ജീവിച്ചത്, എന്നാല്‍ എനിക്ക് കൂട്ടില്ലാതെ കുറച്ച് മണിക്കൂറുകള്‍ പോലും ജീവിക്കാന്‍ കഴിയില്ല,’ കമല്‍ ഹാസന്‍ പറഞ്ഞു.
കമല്‍ഹാസന്റെ പ്രൊഡക്ഷന്‍ ബാനറായ രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലാണ് ഇനിമേല്‍ നിര്‍മിച്ചിരിക്കുന്നത്. മ്യൂസിക് വീഡിയോ വലിയ ഹിറ്റ് ആണ്. ബന്ധങ്ങളുടെ ഉയര്‍ച്ചയും തകര്‍ച്ചയുമാണ് ഇനിമേല്‍ ചര്‍ച്ച ചെയ്യുന്നത്. പരിചിതമായ പ്രമേയമാണെങ്കിലും, ഗാനത്തിന്റെ ഹൈലൈറ്റ് അതിലെ പ്രധാന താരനിരയായിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here