വിജയ്‌യെ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചത് താനെന്ന് കമല്‍ ഹാസന്‍; ‘അതു സംഭവിച്ചത് എന്റെ ഓഫീസില്‍ വച്ച്’

തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയ് അടുത്തിടെയാണ് തന്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. തമിഴക വെട്രി കഴകം എന്നാണ് വിജയ്‌യുടെ പാര്‍ട്ടിയുടെ പേര്. രാഷ്ട്രീയത്തില്‍ സജീവമാകുന്നതോടെ സിനിമാ ജീവിതം അവസാനിപ്പിക്കും എന്നും വിജയ് പറഞ്ഞിരുന്നു. വിജയ് രാഷ്ട്രീയ പ്രവേശനത്തിനായി സിനിമ ഉപേക്ഷിക്കുമ്പോള്‍, ഇതേ വഴി പിന്തുടരുമോ എന്ന ചോദ്യത്തിന് നടനും രാഷ്ട്രീയ നേതാവുമായ കമല്‍ ഹാസന്‍ നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു.

“അത് വിജയ്‌യുടെ ആഗ്രഹമാണ്. വിജയ് ചെയ്യുന്ന സിനിമകള്‍ എന്റെ സിനിമകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ്. കവി സ്‌നേഹന്‍ എഴുതുന്ന കവിതകള്‍ എന്റെ എഴുത്തില്‍ നിന്നും വ്യത്യസ്തമാകുന്നതു പോലെ. എന്തുകൊണ്ട് അദ്ദേഹത്തെ പോലെ എഴുതിക്കൂട എന്ന് നിങ്ങള്‍ക്ക് ചോദിക്കാന്‍ പറ്റില്ല. അതെല്ലാം ഓരോ വ്യക്തികളുടെ കഴിവിനെ അടിസ്ഥാനപ്പെടുത്തിയിരിക്കും. മുഴുവന്‍ സമയ രാഷ്ട്രീയക്കാരന്‍ എന്നൊരു പദവി ഇല്ല,” കമല്‍ പറഞ്ഞു.

അതേസമയം, രാഷ്ട്രീയത്തിലേക്കുള്ള വിജയ്‌യുടെ ചുവടുവയ്പ്പിനെ കമല്‍ അഭിനന്ദിച്ചു. രാഷ്ട്രീയത്തില്‍ ഇടപെടല്‍ നടത്താന്‍ വിജയ്‌യെ പ്രോത്സാഹിപ്പിച്ച ആളുകളില്‍ ഒരാളാണ് താനെന്നും കമല്‍ ഹാസന്‍ പറഞ്ഞു.

“ഞാന്‍ വിജയ്‌യുമായി രാഷ്ട്രീയം ചര്‍ച്ച ചെയ്തിരുന്നു. അദ്ദേഹത്തെ രാഷ്ട്രീയത്തിലേക്ക് സ്വാഗതം ചെയ്ത ആദ്യവ്യക്തി ഞാനായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്. എന്റെ ഓഫിസില്‍ വച്ചാണ് അത് സംഭവിച്ചത്.”

അതേസമയം, ഭാവിയില്‍ വിജയ്‌യുമായി ചേര്‍ന്ന് രാഷ്ട്രീയ സഖ്യം രൂപീകരിക്കുമോ എന്ന ചോദ്യത്തോട് കമല്‍ പ്രതികരിച്ചില്ല. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രാജ്യത്തിന്റെ പുരോഗതിക്കായി നിസ്വാര്‍ഥമായി ആഗ്രഹിക്കുന്നവരുമായാകും തന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം സഖ്യത്തിലെത്തുക എന്ന് കമല്‍ പറഞ്ഞിരുന്നു. ഇന്ത്യ മുന്നണിയുമായി സഖ്യം ചേരുമോ എന്ന ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top