ധനുഷ് നായകനാകുന്ന ഇളയരാജ ബയോപിക്കിന് തിരക്കഥയൊരുക്കുന്നത് കമല്‍ഹാസന്‍; ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നുവെന്ന് ഉലകനായകന്‍

ഇസൈജ്ഞാനി ഇളയരാജയോടുള്ള തമിഴ് സൂപ്പര്‍സ്റ്റാര്‍ കമല്‍ഹാസന്റെ ആരാധന എല്ലാവര്‍ക്കും അറിയുന്നതാണ്. ഇളയരാജയെ താന്‍ എത്രമാത്രം ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നുവെന്ന് പറയാനുള്ള ഒരവസരവും അദ്ദേഹം പാഴാക്കാറില്ല. ധനുഷിനെ നായകനാക്കി അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്യുന്ന ഇളയരാജയുടെ ബയോപിക്കിന് കമല്‍ഹാസന്‍ തിരക്കഥയൊരുക്കുന്നു എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. താന്‍ നിര്‍മിക്കുകയോ അഭിനയിക്കുകയോ ചെയ്യാത്ത ഒരു പ്രോജക്റ്റിന് കമല്‍ തിരക്കഥയൊരുക്കുന്നത് ഇതാദ്യമായിരിക്കും.

അഭിനയത്തില്‍ കമല്‍ഹാസന്റെ പ്രതിഭയെ നിഷേധിക്കാനാവില്ല എന്നതുപോലെ തിരക്കഥാ രചനയിലും അദ്ദേഹം ഒരു ജീനിയസ് ആണ്. അദ്ദേഹം രചിച്ച എല്ലാ ചിത്രങ്ങളും ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ നാഴികക്കല്ലുകളായി മാറി. തേവര്‍ മകന്‍, മൈക്കല്‍ മദന കാമ രാജന്‍, മഹാനദി, ഹേ റാം, വിരുമാണ്ടി എന്നിവ കമല്‍ഹാസന്റെ തിരക്കഥയില്‍ പിറന്ന ചിത്രങ്ങളാണ്.

ബുധനാഴ്ച ചെന്നൈയില്‍ നടന്ന ചിത്രത്തിന്റെ ലോഞ്ച് ചടങ്ങില്‍ കമല്‍ഹാസന്‍ പങ്കെടുത്തിരുന്നു. താന്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിതെന്നായിരുന്നു ചടങ്ങില്‍ സംസാരിച്ച കമല്‍ഹാസന്‍ പറഞ്ഞത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top