കോയമ്പത്തൂരിൽ മത്സരിക്കുമെന്ന് കമലഹാസൻ; പ്രഖ്യാപനം മക്കൾ നീതി മയ്യം യോഗത്തിൽ
ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോയമ്പത്തൂരിൽ മത്സരിക്കുമെന്ന് നടൻ കമലഹാസൻ. മക്കൾ നീതി മയ്യം യോഗത്തിലാണ് പ്രഖ്യാപനം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അണികൾ നേരത്തെ തന്നെ പ്രവർത്തനം ശക്തമാക്കിയിരുന്നു. കോയമ്പത്തൂരിൽ തനിക് വലിയ രീതിയിൽ പിന്തുണയുണ്ടെന്നും കമലഹാസൻ പറഞ്ഞു.
ഉദയനിധി സ്റ്റാലിന്റെ സനാതന പരാമർശത്തിന് കമൽ പിന്തുണ നൽകിയിരുന്നു. സിപിഎമ്മിന്റെ പി.ആർ.നടരാജനാണ് നിലവിൽ കോയമ്പത്തൂരിൽ എംപി. ഡിഎംകെ സഖ്യത്തിലെ സിപിഎമ്മിനെ മാറ്റി അവിടെ കമലിന് മത്സരിക്കാൻ സാധിക്കുമോ എന്നതും വ്യക്തമല്ല. നാലു ജില്ലകളിലെ മക്കൾ നീതി മയ്യം പ്രവർത്തകരുടെ യോഗമാണ് കോയമ്പത്തൂരിൽ നടന്നത്. ഇന്ത്യ മുന്നണിയുടെ സ്ഥാനാർഥിയായി കമലഹാസൻ വരുമോ എന്നതു സംശയമാണ്. 40 മണ്ഡലങ്ങളിലും മത്സരത്തിനു തയാറായിരിക്കണം എന്നു കമൽ നേരത്തെ പ്രവർത്തകർക്ക് നിർദേശം നൽകിയിരുന്നു. ഇതിൽ നിന്ന് ഒറ്റയ്ക്ക് മത്സരിക്കാനുള്ള നീക്കമാണോ എന്ന് വ്യക്തമല്ല.
2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും കോയമ്പത്തൂർ സൗത്തിൽ കമൽ മത്സരിച്ചിരുന്നു. അന്ന് 1700 ഓളം വോട്ടുകൾക്കാണ് ബിജെപിയോടു പരാജയപ്പെട്ടത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒന്നരലക്ഷത്തോളം വോട്ടുകൾ നേടിയിരുന്നു. 2018ലാണ് കമലഹാസന്റെ നേതൃത്വത്തിൽ മക്കൾ നീതി മയ്യം ആരംഭിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here