കമലയോ, ട്രംപോ; ആരാകും അമേരിക്കന്‍ പ്രസിഡന്‍റ്; യുഎസ് ഇന്ന് ബൂത്തിലേക്ക്
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഇന്ന് തുടക്കം. ന്യൂഹാംഷയറിലെ ഡിക്സ്‌വിൽ നോച്ചിലെ ആറു രജിസ്റ്റേഡ് വോട്ടർമാർ ആദ്യം വോട്ടുചെയ്യുന്നതോടെ തിരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങും. ഇന്ത്യൻസമയം ബുധനാഴ്ച ഉച്ചയോടെ അലാസ്കയിലാണ് വോട്ടെടുപ്പിന് അവസാനമാകുന്നത്.
ഇക്കുറി പോളിങ് ശതമാനം റെക്കോഡ് ഭേദിച്ചേക്കുമെന്നാണ് പ്രതീക്ഷ.
രാജ്യവ്യാപകമായി 1.76 ലക്ഷം പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. 7.75 ലക്ഷം ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.
പ്രാദേശികസമയം രാവിലെ ആറിനും എട്ടിനുമിടയിൽ ആരംഭിക്കുന്ന വോട്ടെടുപ്പ് രാത്രി ഏഴിനും ഒമ്പതിനുമിടയിൽ അവസാനിക്കും. ചില സംസ്ഥാനങ്ങളിലെ ഫലപ്രഖ്യാപനം ചൊവ്വാഴ്ച രാത്രിയോടെ ഉണ്ടായേക്കും. തപാൽ വോട്ടുകൾ എണ്ണിത്തീരാത്ത ഇടങ്ങളിലേത് വൈകും.
ഇലക്ടറൽ കോളേജിലേക്കുള്ള ഇലക്ടർമാർക്ക് ആദ്യം വോട്ടുചെയ്യും. പ്രസിഡന്റിനെ കണ്ടെത്താനുള്ള വോട്ടുരേഖപ്പെടുത്തുക ഈ ഇലക്ടർമാരാണ്. ഇത്തവണത്തെ 538 ഇലക്ടറൽ വോട്ടുകളിൽ 270 ആണ് ജയിക്കാൻ വേണ്ട ഭൂരിപക്ഷം.
യുഎസ് ചരിത്രത്തിലെ ഏറ്റവും ചെലവേറിയ തിരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. മൊത്തം ചെലവ് 1590 കോടി ഡോളറിൽ (1.3 ലക്ഷം കോടി രൂപ) എത്തുമെന്നാണ് കരുതുന്നത്. കമലാ ഹാരിസിൻറെ സംഘത്തിന് 139 കോടി ഡോളർ (11,691 കോടി രൂപ) തിരഞ്ഞെടുപ്പ് ഫണ്ടായി ലഭിച്ചു. ഡോണൾഡ് ട്രംപിന് ലഭിച്ചത് 109 കോടി ഡോളറാണ് (9,167 കോടി രൂപ).
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here