അഭിനയം മറന്ന് കനകലത; ആ ചിരിക്കാലം ഇനി മടങ്ങിവരുമോ

സ്‌മൃതി പ്രേം

കുഞ്ചാക്കോ ബോബൻ നായകനായി അഭിനയിച്ച ‘പ്രിയം’ എന്ന സിനിമയിൽ ജഗതി ശ്രീകുമാറും കനകലതയും ചേർന്നൊരു കോംബിനേഷൻ സീനുണ്ട്. കുട്ടികളുടെ കുസൃതിയിൽ പണിവിട്ട് ജീവനും കൊണ്ടോടുന്ന ജോലിക്കാരിയുടേത്. തലയിൽ അരിപ്പൊടിയും മുഖത്ത് മുളകുപൊടി കൊണ്ട് നീറി കുട്ടികൾക്ക് പിന്നാലെ ഓടുന്ന സുലുവിനെ കണ്ട് കുട്ടിക്കാലത്ത് ഒരുപാട് ചിരിച്ച ഞാനിന്ന് വീണ്ടും ആ സീൻ കണ്ടുനോക്കിയെങ്കിലും ഒട്ടും ചിരിക്കാനായില്ല. കാരണം കനകലതയുടെ രോഗാവസ്ഥയെക്കുറിച്ച് അവരുടെ സഹോദരി വിജയമ്മയോട് ഫോണിൽ സംസാരിച്ച ശേഷമാണ് ഞാനത് കണ്ടത്. ആ സീനിനെക്കുറിച്ച് പറഞ്ഞപ്പോൾ വിജയമ്മയുടെ മറുപടി ഒരു കരച്ചിലായിരുന്നു. ഇനി അങ്ങനെയൊരു ചിരിയും ഉണ്ടാകില്ല മോളേ, എന്നവരെന്നോട് പറഞ്ഞു. മറവി രോഗവും പാർക്കിൻസൺസും ബാധിച്ച് വല്ലാത്ത ദുരിതത്തിലാണ് കനകലത.

ദിനചര്യകൾ എല്ലാം മറന്നു. കൂടെ അഭിനയിച്ചവരെ ചിലരെ കണ്ടാൽ തിരിച്ചറിയും. പക്ഷേ ഒന്നും മിണ്ടാറില്ല. ഇഷ്ടമുള്ള പാട്ട് കേൾക്കുമ്പോൾ മുഖത്ത് അൽപം സന്തോഷം കാണാം. കഴിഞ്ഞ വർഷമാണ് രോഗം തിരിച്ചറിഞ്ഞത്. ഉറക്കക്കുറവായിരുന്നു ആദ്യ ലക്ഷണം. ഇപ്പോൾ ട്യൂബ് വഴിയാണ് ആഹാരം കൊടുക്കുന്നത്. ശരീരഭാരം 85 കിലോ ആയിരുന്നത് 57 ആയി. മുടിയെല്ലാം വെട്ടേണ്ടിവന്നത് കാരണം കണ്ടാൽ തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയായി; വിജയമ്മ പറയുന്നു

ഒരുപാട് കാലം വാടകയ്ക്കു താമസിച്ച കനകലത ഒടുവിൽ കോവിഡ് കാലത്തിന് മുൻപാണ് തിരുവനന്തപുരം മലയിൻകീഴിൽ സ്വന്തമായൊരു വീട് വാങ്ങുന്നത്. അതുകൊണ്ട് ഇപ്പോൾ കയറിക്കിടക്കാനൊരു കിടപ്പാടം ഉണ്ടായി എന്നത് മാത്രമാണ് ആകെയുള്ള ആശ്വാസം. ഇപ്പോൾ കാര്യങ്ങൾ നടന്നു പോവുന്നത് ‘അമ്മ’ സംഘടനയുടെ ഇൻഷുറൻസ് തുകയും മറ്റു സഹായങ്ങളും കൊണ്ടാണ്. ആശുപത്രി ചിലവും ദൈനംദിന കാര്യങ്ങളും കഷ്ടിച്ചാണ് മുന്നോട്ട് പോവുന്നത്. പക്ഷെ സഹതാപം ഉണ്ടാക്കി സഹായങ്ങൾ ഒന്നും വേണ്ട. ഇത്രയും അവശനിലയിൽ അവളെ സമൂഹത്തിന് മുന്നിൽ കാണിക്കാൻ ഞങ്ങൾക്ക് താൽപര്യം ഇല്ല. അവൾക്കും അത് ഇഷ്ടമാകില്ല. ആർക്കെങ്കിലും മനസ് തോന്നി സഹായിച്ചാൽ ആശ്വാസമാകും, അത് മാത്രമേ കരുതുന്നുള്ളൂ, വിജയമ്മ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.

38 വർഷത്തിനിടെ മലയാളത്തിലും തമിഴിലുമായി 360തിലേറെ സിനിമകളിൽ അഭിനയിച്ച താരമാണ് കനകലത. അറുപതിലേറെ സീരിയലുകളിലും അഭിനയിച്ചു. അമച്വർ നാടകങ്ങളിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. ‘ഉണർത്തുപാട്ടാ’യിരുന്നു ആദ്യ സിനിമ. അത് റിലീസായില്ല. ‘ചില്ല് ‘ എന്ന സിനിമയാണ് പുറത്തിറങ്ങിയ ആദ്യ ചിത്രം. 22-ാം വയസിൽ പ്രണയിച്ച് വിവാഹം കഴിച്ചെങ്കിലും 16 വർഷത്തിനുശേഷം വേർപിരിഞ്ഞു. ഗണേഷ് രാജ് സംവിധാനം ചെയ്ത ‘പൂക്കാലം ആണ് കനകലത അവസാനം അഭിനയിച്ച ചിത്രം.

Logo
X
Top