കാനം രാജേന്ദ്രൻ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 73 വയസായിരുന്നു. എറെ നാളായി ആരോഗ്യപരമായ കാരണത്താൽ വിശ്രമത്തിലായിരുന്നു. അടുത്തിടെ കാൽപാദം മുറിച്ച് മാറ്റിയതിനെ തുടർന്ന് പാർട്ടിയിൽ നിന്നും അവധിക്ക് അപേക്ഷ നൽകിയിരിക്കുമ്പോഴാണ് അന്ത്യം.
കോട്ടയം ജില്ലയിലെ കാനം എന്ന ഗ്രാമത്തിൽ 1950 നവംബർ 10-ന് ജനിച്ച രാജേന്ദ്രൻ എഴുപതുകളിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവർത്തന രംഗത്ത് പ്രവേശിക്കുന്നത്. ഏഴും എട്ടും കേരള നിയമസഭകളില്‍ (1982-1991) വാഴൂർ നിയമസഭാ മണ്ഡലത്തിൽ നിന്നും ജനപ്രതിനിധിയായി. 1982-ൽ എം.കെ. ജോസഫിനെയും 1987-ല്‍ പി.സി. തോമസിനെയുമാണ് തോൽപിച്ചത്.
എഐടിയുസി സംസ്ഥാന സെക്രട്ടറി എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്നീ ചുമതലകൾ കൈകാര്യം ചെയ്തിട്ടുണ്ട്. 1971-ൽ ഇരുപത്തിയൊന്നാം വയസിൽ സിപിഐ സംസ്ഥാന കൗൺസിലിൽ അംഗമായി. ഇരുപത്തിമൂന്നാം വയസിൽ എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയായി. എഐവൈഎഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനവും വഹിച്ചിട്ടുണ്ട്.
ഇരുപത്തിയെട്ടാം വയസിൽ സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം. എൻ.ഇ. ബൽറാം പാർട്ടി സെക്രട്ടറിയായിരുന്നപ്പോൾ 1975-ൽ എം.എൻ. ഗോവിന്ദൻ നായർ, ടി.വി. തോമസ്, സി. അച്യുതമേനോൻ എന്നിവർക്കൊപ്പമാണ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റിൽ അംഗമാകുന്നത്. 2006-ൽ എഐടിയുസി സംസ്ഥാന സെക്രട്ടറിയായി. 2015 മുതൽ മൂന്ന് തവണയായി സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് തുടരുകയാണ്. 2012 മുതൽ സിപിഐ ദേശീയ എക്സിക്യൂട്ടിവ് അംഗമാണ്.
ഭാര്യ: വനജ. മക്കൾ: സന്ദീപ്, സ്മിത. മരുമക്കൾ: താര സന്ദീപ്, വി. സർവേശ്വരൻ.
Also Read: കാനത്തിൻ്റെ സംസ്ക്കാരം ഞായറാഴ്ച; മൃതദേഹം നാളെ തലസ്ഥാനത്ത് എത്തിക്കും

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here