സിപിഎം- ആർഎസ്എസ് ബന്ധം അനുസ്മരിച്ച് കാനം; സഖ്യത്തിന് ഇഎംഎസിന്‍റെ ആശിര്‍വാദമുണ്ടായിരുന്നു

ആര്‍.രാഹുല്‍

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ സിപിഎമ്മിനെ വെട്ടിലാക്കുന്ന വെളിപ്പെടുത്തലുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അടിയന്തിരാവസ്ഥത്തെ സിപിഎം- ആർഎസ്എസ് ഐക്യത്തെപ്പറ്റിയാണ് കാനത്തിൻ്റെ വെളിപ്പെടുത്തൽ. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അനുസ്മരിച്ച് പ്രിയദർശിനി പബ്ലിക്കേഷൻസ് പുറത്തിറക്കിയ ‘ആർദ്ര മനസ്’ എന്ന ലേഖന സമാഹാരത്തിലാണ് ഇക്കാര്യങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

“അടിയന്തരാവസ്ഥക്കാലത്ത് കോൺഗ്രസിനെതിരേ സിപിഎം-ആർഎസ്എസ് ഐക്യം സ്ഥാപിച്ചിരുന്നുവെന്നും ഇഎംഎസിന്റെ സൈദ്ധാന്തികവും രാഷ്ട്രീയവുമായ പിന്തുണയോടെയാണ് ഇത് നടന്നതെന്നുമുള്ളത് ചരിത്രയാഥാർഥ്യമാണ്”- എന്നാണ് ലേഖനത്തിലൂടെ വെളിപ്പെടുത്തിയത്. സിപിഎം-ആർഎസ്എസ് ഐക്യത്തെ സിപിഎം ജനറല്‍ സെക്രട്ടറി യായിരുന്ന പി. സുന്ദരയ്യ ‘വൈ ഐ റിസൈൻഡ് ഫ്രം പാർട്ടി’ എന്ന തന്റെ ആത്മകഥയിൽ നിശിതമായി വിമർശിച്ചിട്ടുണ്ടെന്നും കാനം ചൂണ്ടിക്കാട്ടുന്നു. നേരത്തേ സമാന വെളിപ്പെടുത്തൽ സിപിഐ മുഖമാസികയായ നവയുഗവും നടത്തിയിരുന്നു.

“അടിയന്തരാവസ്ഥക്കാലത്ത് ആർഎസ്എസും ജനസംഘവുമായി സിപിഎം ബന്ധമുണ്ടാക്കിയെന്ന് സുന്ദരയ്യ തന്നെ പറഞ്ഞിട്ടുണ്ട്. കോൺഗ്രസ് ബന്ധത്തിൽ സിപിഐയെ വിമർശിക്കുന്ന സിപിഎം തമിഴ്നാട്ടിൽ അവരുമായി ബന്ധം ഉണ്ടാക്കിയത് മറക്കുന്നു. രാജൻ കേസിന്റെ പേരിൽ സി. അച്യുതമേനോനെ വിമർശിക്കുന്നവർ മാവോയിസ്റ്റ് കൊലകളുടെ പേരിലും അലൻ- താഹ കേസിന്റെ പേരിലും പിണറായി വിജയനെ വിമർശിക്കാത്തത് എന്തുകൊണ്ടാണ് ” എന്ന് 2022 എപ്രിൽ ഒന്നിന് പുറത്തിറങ്ങിയ നവയുഗം വെളിപ്പെടുത്തിയിരുന്നു.

അടിയന്തരാവസ്ഥയെ എതിർക്കാനെന്ന പേരിൽ 1975 ൽ ഭാരതീയ ജനസംഘവുമായി സഖ്യമുണ്ടാക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു പാർട്ടി ജനറൽ സെക്രട്ടറിയായിരുന്ന പി. സുന്ദരയ്യ പിബി , കേന്ദ്ര കമ്മറ്റി അംഗത്വങ്ങൾ രാജിവെച്ചത്. സിപിഎമ്മിന്റെ സ്ഥാപക ജനറൽ സെക്രട്ടറി കൂടിയായ സുന്ദരയ്യയുടെ രാജിയാണ് കാനവും നവയുഗവും സിപിഎമ്മിനെ അടിക്കാനുള്ള വടിയായി ഉപയോഗിച്ചിരിക്കുന്നത്.

ആർഎസ്എസുമായി ചേർന്ന് കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാനുള്ള ബി.ടി. രണദിവെ , ഇഎംഎസ്, തുടങ്ങിയ നേതാക്കളുടെ നിലപാടിനെതിരെ പ്രതിഷേധിച്ചായിരുന്നു സുന്ദരയ്യയുടെ രാജി. 1951ലെ  അടവു നയരേഖ ചര്‍ച്ച ചെയ്ത് കാലോചിതമായ മാറ്റങ്ങള്‍ വരുത്താന്‍ വൈകിക്കുന്നതടക്കം മറ്റു വിഷയങ്ങളും അദ്ദേഹത്തിന്റെ രാജിക്ക് കാരണമായിരുന്നു. 102 പേജ് വരുന്ന രാജിക്കത്ത് അദ്ദേഹത്തിന്റെ മരണത്തിന് ശേഷം 1991 ൽ ‘My Resignation ‘ എന്ന പേരിൽ പ്രസിദ്ധീകരിച്ചിരുന്നു.

”സാമ്രാജ്യത്വ വിധേയത്വമുള്ള അർദ്ധ സൈനിക ഫാസിസ്റ്റ് സ്വഭാവമുള്ള സംഘടനയായ ആർഎസ്എസുമായി അടിയന്തരാവസ്ഥയെ എതിർക്കുന്നു എന്നതിന്റെ പേരിൽ സഖ്യമുണ്ടാക്കുന്നത് നമ്മുടെ പാർട്ടിക്ക് ദോഷം ചെയ്യും. അതിലുപരി ഈ സഖ്യം രാജ്യത്തിനകത്തും പുറത്തുമുള്ള ജനാധിപത്യ വിശ്വാസങ്ങൾക്കു് അപകടം വരുത്തുമെന്ന് ‘ഞാൻ ഭയപ്പെടുന്നു “. 1975 സെപ്റ്റംബർ 28ന് അയച്ച കത്ത് ആരംഭിക്കുനത് സിപിഎം – ആർഎസ്എസ് ബാന്ധവത്തെപ്പറ്റി പറഞ്ഞുകൊണ്ടാണ്.

അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇഎംഎസ് ഇത്തരമൊരു സഖ്യമുണ്ടാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ദേശാഭിമാനിയിൽ ലേഖനമെഴുതിയിരുന്നതായി സുന്ദരയ്യ തൻ്റെ കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഹിറ്റ്‌ലറിനെതിരായി അമേരിക്കയുടെ നേതൃത്വത്തിൽ സഖ്യകക്ഷികൾ ഒന്നിച്ച മാതൃകയിൽ ഇന്ദിരാഗാന്ധിക്കെതിരായി വിപുലമായ സഖ്യമുണ്ടാകണമെന്നും അതിന് ജനസംഘവുമായി കൂട്ടുചേരണമെന്നുമാണ് ഇഎംഎസ് വാദിച്ചത്. ഈ നീക്കം അപകടകരമെന്നായിരുന്നു സുന്ദരയ്യ തൻ്റെ രാജിയിലുടെ ചൂണ്ടിക്കാട്ടിയത്.

1976 ലാണ് സ്ഥാപക സെക്രട്ടറിയുടെ രാജി കേന്ദ്ര കമ്മിറ്റി അംഗീകരിച്ചത്. അന്നു മുതല്‍ ആക്ടിംഗ് സെക്രട്ടറി ഇഎംഎസ് ആയി.  അടിയന്തരാവസ്ഥ കഴിഞ്ഞ് 1978 ല്‍ ചേര്‍ന്ന പത്താം പാര്‍ട്ടി കോണ്‍ഗ്രസില്‍ ജനറല്‍ സെക്രട്ടറിയായി ഇഎംഎസിനെ ഔദ്യോഗികമായി തിരഞ്ഞെടുത്തു. പിന്നീട് നിര്‍ബന്ധിച്ചാണ് പോളിറ്റ് ബ്യൂറോയില്‍ സുന്ദരയ്യയെ നിലനിര്‍ത്തിയത്. ഏതാനും മാസങ്ങള്‍ക്കു ശേഷം സുന്ദരയ്യ പിബി.അംഗത്വം രാജിവെച്ച് ആന്ധ്ര രാഷ്ട്രീയത്തിലേക്ക് മാറുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top