കാനത്തിന് ചലച്ചിത്രമേളയില്‍ ആദരാഞ്ജലി; അനുശോചനവുമായി പ്രമുഖർ

തിരുവനന്തപുരം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ആദരാഞ്ജലിയർപ്പിച്ച് ഇരുപത്തിയെട്ടാം കേരള രാജ്യാന്തര ചലച്ചിത്രമേള (ഐഎഫ്എഫ്കെ). ഇന്നാരംഭിച്ച മേളയുടെ ഉദ്ഘാടന ചടങ്ങിലാണ് കാനത്തിന് ആദരമർപ്പിച്ചത്. സിപിഐ സംസ്ഥാന സെക്രട്ടറിയുടെ നിര്യാണത്തിൽ കലാ- രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ നിരവധിപ്പേർ അനുശോചനം രേഖപ്പെടുത്തി.

ഇടതുപക്ഷ ഐക്യത്തിന്റെ ശക്തിസ്തംഭങ്ങളിലൊന്നാണ് കാനം രാജേന്ദ്രന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും സംസ്ഥാന രാഷ്ട്രീയത്തിനും വലിയ നഷ്ടമാണ് കാനം രാജേന്ദ്രന്റ വിയോഗമെന്ന് വി.ഡി. സതീശന്‍പറഞ്ഞു. കാനം രാജേന്ദ്രന്റെ വിയോഗം ഇടതുപക്ഷത്തിന്റെ ആകെ നഷ്ടമാണെന്നും അദ്ദേഹത്തിൻ്റെ വിടവാങ്ങല്‍ വാർത്ത ഞെട്ടലോടെയാണ് കേട്ടതെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ്റെ പ്രതികരണം.

ഇന്ത്യൻ രാഷ്ട്രീയത്തിൽ, പ്രത്യേകിച്ചും ഇടതുപക്ഷത്തിന് ആവശ്യമുള്ള കാലഘട്ടത്തിൽ കാനത്തിന്റെ വിയോഗം ഒരു വലിയ വിടവ് സൃഷ്ടിക്കുമെന്ന് സിപിഐ നേതാവും മുൻ മന്ത്രിയുമായ മുല്ലക്കര രത്നാകരൻ പറഞ്ഞു. കാലഘട്ടം ആവശ്യപ്പെടുന്ന ഒരു രാഷ്ട്രീയ ധീരതയും രാഷ്ട്രീയമായ അഭിപ്രായ വ്യക്തതയും കേരളം കാനത്തിൽ നിന്ന് പ്രതീക്ഷിച്ചിരുന്നതായും മുല്ലക്കര കൂട്ടിച്ചേർത്തു. ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ ആരെതിർത്താലും വിളിച്ച് പറയാന്‍ മടി കാട്ടാത്ത വ്യക്തിത്വമായിരുന്നു കാനം രാജേന്ദ്രനെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

കേരളത്തില്‍ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായ പങ്കുവഹിച്ച നേതാവാണ് കാനമെന്നും അദ്ദേഹത്തിൻ്റെ വിയോഗം വലിയ നഷ്ടമാണ് ഇടതുമുന്നണിക്ക് സൃഷ്ടിക്കുകയെന്നും സിപിഎം നേതാവും മന്ത്രിയുമായ എ.കെ ബാലന്‍ പറഞ്ഞു. ആദർശ രാഷ്ട്രീയത്തിൻ്റെ വ്യക്താവും കേരള രാഷ്ട്രീയത്തിലെ തിരുത്തൽ ശക്തിയുമായിരുന്നു കാനം രാജേന്ദ്രനെന്ന് കോൺഗ്രസ് നേതാവും രാജ്യസഭ മുൻ ഡെപ്യൂട്ടി ചെയർമാനുമായ പി.ജെ.കുര്യൻ അഭിപ്രായപ്പെട്ടു. അധ്വാനിക്കുന്ന തൊഴിലാളികള്‍ക്കും പാവപ്പെട്ടവര്‍ക്കുമായി തന്റെ ജീവിതം ഉഴിഞ്ഞുവച്ച കാനം മനുഷ്യസ്നേഹം ഉയര്‍ത്തിപ്പിടിച്ച പൊതുപ്രവര്‍ത്തകനായിരുന്നെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ഹൃദയാഘാതം മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു കാനം രാജേന്ദ്രന്റെ അന്ത്യം. 73 വയസായിരുന്നു ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം ഏറെ നാളായി പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി നിന്നിരുന്ന കാനം രാജേന്ദ്രന്റെ കാല്‍പ്പാദം അടുത്തിടെ മുറിച്ച് മാറ്റിയിരുന്നു. ഈ സാഹചര്യത്തിൽ പാർട്ടിയിൽ നിന്നും അവധിക്ക് അപേക്ഷിച്ചിരിക്കുമ്പോഴാണ് വിയോഗം ഉണ്ടായിരിക്കുന്നത്. 2015 മുതൽ സിപിഐയുടെ സംസ്ഥാന സെക്രട്ടറിയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top