കാനം തന്നെ തുടരും; അസിസ്റ്റന്റ് സെക്രട്ടറിമാര്‍ ചുമതല വഹിക്കും; പത്തനംതിട്ടയില്‍ അച്ചടക്ക നടപടി
തിരുവനന്തപുരം : സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രന്‍ തുടരും. അനാരോഗ്യത്തെ തുടർന്ന് മൂന്ന് മാസത്തെ അവധിക്ക് അപേക്ഷിച്ച കാനം രാജേന്ദ്രന് പകരം നേതൃത്വം കൂട്ടായി ചുമതലകള്‍ നിര്‍വഹിക്കാന്‍ ഇന്ന് ചേര്‍ന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ ഇ.ചന്ദ്രശേഖരന്‍, പി.പി.സുനീര്‍ എന്നിവര്‍ സംസ്ഥാന സെക്രട്ടറിയുടെ ചുമതലകള്‍ വഹിക്കും. കാനം തിരികെയെത്തുന്നതുവരെ മുതിര്‍ന്ന നേതാക്കള്‍ സംസ്ഥാന കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ ചെലുത്താനും എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. കാനം നല്‍കിയ അവധി അപേക്ഷയില്‍ ദേശീയ നിര്‍വാഹക സമിതി അന്തിമ തീരുമാനമെടുക്കും. പ്രമേഹം മൂലമുണ്ടായ അണുബാധ കാരണം വലതുകാല്‍ പാദം മുറിച്ചു മാറ്റിയ കാനം രാജേന്ദ്രന്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. തുടര്‍ ചികിത്സയ്ക്ക് സമയമെടുക്കുമെന്നതിനാലാണ് പാര്‍ട്ടിയില്‍ അവധി അപേക്ഷ നല്‍കിയത്.
പത്തനംതിട്ട ജില്ലാ സെക്രട്ടറിയെ മാറ്റി
സിപിഐ പത്തനംതിട്ട ജില്ലാസെക്രട്ടറി എ.പി.ജയനെ മാറ്റി. മുന്‍ ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സംഘടനാ നടപടിയുണ്ടായിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനത്തു നിന്നും ജയനെ നീക്കാന്‍ ഇന്ന് ചേര്‍ന്ന സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് തീരുമാനിച്ചു. ജില്ലയുടെ ചുമതലയുണ്ടായിരുന്ന മുല്ലക്കര രത്‌നാകരന് ജില്ലാ സെക്രട്ടറിയുടെ ചുമതല നല്‍കിയിട്ടുണ്ട്. എ.പി.ജയനെതിരെ അനധികൃത സ്വത്ത് സമ്പാദനടക്കമുള്ള പരാതിയാണ് പാര്‍ട്ടിയില്‍ ഉയര്‍ന്നത്. ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയില്‍ പ്രാഥമിക പരിശോധനയ്ക്ക് സിപിഐ ഒരു കമ്മറ്റിയെ നിയോഗിച്ചിരുന്നു. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിശദമായ പരിശോധനയ്ക്ക് സംസ്ഥാന നേതാക്കളെയുള്‍പ്പെടുത്തി 4 അംഗ പാര്‍ട്ടി കമ്മീഷനെ നിയോഗിച്ചു. ഈ കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. നേരത്തെ ജയന് കാരണം കാണിക്കല്‍ നോട്ടീസടക്കം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നല്‍കിയിരുന്നു. 2022ല്‍ നടന്ന ജില്ലാ സമ്മേളനത്തിലാണ് തുടര്‍ച്ചയായി 3 വട്ടവും എ.പി. ജയന്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here