കണ്ടല ബാങ്ക് തട്ടിപ്പ്: സിപിഐ നേതാവ് എൻ. ഭാസുരാംഗനും മകനും അറസ്റ്റില്‍

കൊച്ചി: തിരുവനന്തപുരം കണ്ടല സർവീസ് സഹകരണ ബാങ്കിലെ 101 കോടിയുടെ വായ്പാ തട്ടിപ്പ് കേസില്‍ സിപിഐ നേതാവും ബാങ്കിന്റെ മുൻപ്രസിഡന്റുമായ എൻ.ഭാസുരാംഗൻ, മകൻ അഖിൽജിത്ത് എന്നിവരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അറസ്റ്റ് ചെയ്തു. പിഎംഎൽഎ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയിൽ ഹാജരാക്കി ഇന്നു 2 പേരെയും റിമാൻഡ‍് ചെയ്യും. ഇന്നലെ 10 മണിക്കൂറിലേറെ ഇരുവരെയും ചോദ്യം ചെയ്തിരുന്നു.
കൊച്ചിയിലെ ഇ.ഡി. ഓഫിസിൽ ഇന്നലെ രാവിലെ 10.30നാണു ഭാസുരാംഗനും മകനും എത്തിയത്. കണ്ടല ബാങ്ക് സെക്രട്ടറി ബൈജുവിനെയും ഇവർക്കൊപ്പം വിളിച്ചുവരുത്തി ചോദ്യം ചെയ്തു. വായ്പകൾ അനുവദിച്ചതിലും നിക്ഷേപങ്ങൾ സ്വീകരിച്ചതിനും വലിയ ക്രമക്കേടുകൾ നടത്തിയിട്ടുണ്ട്.
കണ്ടല ബാങ്ക് പ്രസിഡന്റായിരുന്ന ഘട്ടത്തിൽ ഉറവിടം വിശദീകരിക്കാൻ കഴിയാത്ത വൻനിക്ഷേപം ഭാസുരാംഗനുണ്ടാക്കിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിന്റെ ഉറവിടം വ്യക്തമാക്കാനുള്ള അവസരം നൽകിയെങ്കിലും ഭാസുരാംഗനും കുടുംബാംഗങ്ങൾക്കും അതിനു കഴിഞ്ഞില്ല. ഭാസുരാംഗന്റെ മകളെയും ഒരു തവണ ചോദ്യം ചെയ്തിരുന്നു. 3 പതിറ്റാണ്ടിലധികം കണ്ടല സർവീസ് സഹകരണ ബാങ്കിലെ പ്രസിഡന്റായിരുന്നു എൻ.ഭാസുരാംഗൻ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here