കാർഷിക നിയമത്തിൽ മാപ്പ് പറഞ്ഞ് കങ്കണ; നിലപാട് മാറ്റം ബിജെപി തള്ളിപ്പറഞ്ഞതിന് പിന്നാലെ
കർഷക പ്രക്ഷോഭത്തെ തുടർന്ന് നരേന്ദ്രമോദി സർക്കാരിന് പിൻവലിക്കേണ്ടി വന്ന മൂന്ന് കാർഷിക നിയമങ്ങൾ വീണ്ടും കൊണ്ടുവരണമെന്ന പരാമർശം പിൻവലിച്ച് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. ഇന്നലെയായിരുന്നു ഹിമാചൽ പ്രദേശിലെ തൻ്റെ ലോക്‌സഭാ മണ്ഡലമായ മാണ്ഡിയിൽ മാധ്യമപ്രവർത്തകരോട് നടി വിവാദ പരാമർശം നടത്തിയത്. കങ്കണയുടെ അഭിപ്രായത്തെ ബിജെപി തളളിപ്പറഞ്ഞതിന് പിന്നാലെയാണ് നടി ഖേദപ്രകടനം നടത്തിയത്.
കാർഷിക നിയമങ്ങളെക്കുറിച്ചുള്ള തൻ്റെ കാഴ്ചപ്പാടുകൾ വ്യക്തിപരമാണെന്നും അത് പാർട്ടി നിലപാടല്ലെന്നും കങ്കണ പറഞ്ഞു. താൻ ഒരു ചലച്ചിത്ര നടി മാത്രമല്ല, ബിജെപിയുടെ എംപി കൂടിയാണ്. തൻ്റെ അഭിപ്രായപ്രകടനത്തിൽ പാർട്ടി നിരാശയിലാണ്. ബിജെപി നിലപാടിന് വിരുദ്ധമായി നടത്തിയ പരാമർശങ്ങൾ പിൻവലിച്ച് ഖേദം പ്രകടിപ്പിക്കുന്നതായി അവർ അറിയിച്ചു.
കാർഷിക നിയമത്തില്‍ സര്‍ക്കാരിന്റെ കാഴ്ചപ്പാടിന് കങ്കണ പറഞ്ഞതുമായി യാതൊരു ബന്ധവുമില്ലെന്ന്ബിജെപി വക്താവ് സൗരവ് ഭാട്ടിയ വ്യക്തമാക്കിയിരുന്നു. എംപി പറഞ്ഞത് അവരുടെ വ്യക്തിപരമായ അഭിപ്രായമാണ്. ബിജെപിയുടെ പേരില്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്താന്‍ കങ്കണ റണാവത്തിന് അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പരാമർശം പിൻവലിച്ചത്.
“എനിക്കറിയാം ഇത് വിവാദമാകുമെന്ന്. റദ്ദാക്കിയ കാർഷിക നിയമങ്ങൾ തിരികെ കൊണ്ടുവരണമെന്ന് എനിക്ക് തോന്നുന്നു. കർഷകർതന്നെ ആവശ്യപ്പെടണം. വികസനത്തിന്റെ തൂണുകളാണ് കർഷകർ. ഇക്കാര്യം സർക്കാരിനോട് അഭ്യർത്ഥിക്കാൻ ഞാൻ അവരോട് ആവശ്യപ്പെടുകയാണ്. നിങ്ങളുടെ നന്മയ്ക്കായി നിയമങ്ങൾ തിരികെ കൊണ്ടുവരാൻ ആവശ്യപ്പെടുക” – എന്നായിരുന്നു കങ്കണയുടെ പരാമർശം.
ഇതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്ത് എത്തിയിരുന്നു. കോൺഗ്രസ് കർഷകർക്കൊപ്പമുണ്ടെന്നും മോദിയും അദ്ദേഹത്തിന്റെ എംപിമാരും എത്രശ്രമിച്ചാലും കാർഷിക ബില്ലുകൾ തിരികെ കൊണ്ടുവരാൻ അനുവദിക്കില്ലെന്നും പ്രതിപക്ഷം വ്യക്തമാക്കി. 750 കർഷകരുടെ രക്തസാക്ഷിത്വത്തിന് ശേഷമാണ് മോദി സർക്കാർ കാർഷിക ബില്ലുകൾ പിൻവലിച്ചത്. അതിനാൽ ആ കരി നിയമങ്ങൾ വീണ്ടും കൊണ്ടുവരാൻ അനുവദിക്കില്ലെന്നും കോൺഗ്രസ് പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here