നേരിട്ട് ക്ഷണിച്ചിട്ടും അംബാനി കല്യാണത്തിന് പോയില്ല; കാരണം വെളിപ്പെടുത്തി കങ്കണ
മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെ ആഡംബര വിവാഹം രാജ്യാന്തരതലത്തിൽ തന്നെ ശ്രദ്ധ നേടിയതായിരുന്നു. ഇന്ത്യയിലും പുറത്തുമുളള സിനിമാ താരങ്ങൾ അടക്കം ഒട്ടേറെ പ്രമുഖർ അംബാനി കല്യാണത്തിന് എത്തി. എന്നാൽ ബോളിവുഡ് നടി കങ്കണ റണാവത്ത് വിവാഹത്തിൽ പങ്കെടുത്തില്ല. കങ്കണയുടെ അസാന്നിധ്യം വലിയ രീതിയിൽ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഇപ്പോഴിതാ അംബാനി കുടുംബത്തിലെ വിവാഹത്തിന് എത്താതിരുന്നതിന്റെ കാരണം വെളിപ്പെടുത്തുകയാണ് നടി.
തന്റെ സഹോദരന്റെ വിവാഹം അതേ ദിവസം ആയിരുന്നതിനാലാണ് അനന്ത് അംബാനിയുടെ വിവാഹത്തിന് എത്താൻ കഴിയാതിരുന്നത് എന്നാണ് അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ കങ്കണ പറഞ്ഞത്. അനന്ത് അംബാനി എന്നെ നേരിട്ട് വിളിച്ചാണ് വിവാഹത്തിന് ക്ഷണിച്ചത്. ഏറെ സ്നേഹമുള്ള വ്യക്തിയാണ് അനന്ത് അംബാനി. എൻ്റെ ഇളയസഹോദരൻ്റെ കല്യാണം അന്ന് തന്നെയാണെന്നും എത്താൻ കഴിയില്ലെന്നും അപ്പോൾ തന്നെ പറഞ്ഞിരുന്നുവെന്ന് കങ്കണ അഭിമുഖത്തിൽ വ്യക്തമാക്കി.
സിനിമാ താരങ്ങളുടെ വിവാഹങ്ങളിൽ പൊതുവേ താൻ പങ്കെടുക്കാറില്ലെന്നും കങ്കണ പറഞ്ഞു. “സിനിമാ മേഖലയിലെ വിവാഹങ്ങൾ ഞാൻ ഒഴിവാക്കാറാണ് പതിവ്. എന്നാൽ അവർക്ക് ആശംസകൾ അറിയിക്കാറുണ്ട്,” കങ്കണ പറഞ്ഞു. തന്റെ പുതിയ ചിത്രമായ ‘എമർജൻസി’യുടെ പ്രൊമോഷൻ തിരക്കിലാണ് നടി. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വേഷത്തിലാണ് കങ്കണ ചിത്രത്തിൽ എത്തുന്നത്. സെപ്റ്റംബർ ആറിന് ചിത്രം തിയേറ്ററുകളിലെത്തും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here