കങ്കണയുടെ വീടിന് 40കോടി? മുംബൈയിലെ വിവാദ വീട് വിൽക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്

മുംബൈ ബാന്ദ്രയിലുള്ള വീട് വിൽക്കാൻ ബോളിവുഡ് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത് ഒരുങ്ങുന്നതായി റിപ്പോർട്ട്. 40 കോടി രൂപയാണ് വീടിന് വിലയിട്ടിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. കോഡ് എസ്‌റ്റേറ്റ് എന്ന യുട്യൂബ് ചാനലാണ് വീട് വിൽക്കുന്നതുമായി ബന്ധപ്പെട്ട വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഒരു സെലിബ്രിറ്റിയുടെ വീടാണെന്ന് പറയുന്നതല്ലാതെ, താരത്തിന്റെ പേര് വീഡിയോയിൽ പറഞ്ഞിട്ടില്ല.

ബാന്ദ്രയിലെ പാലി ഹില്ലിലാണ് കങ്കണയുടെ വീടുള്ളത്. 3042 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടാണിത്. 285 സ്ക്വയര്‍ മീറ്റര്‍ പ്ലോട്ടിലാണ് വീട് സ്ഥിതി ചെയ്യുന്നത്. 500 ചതുരശ്ര അടി വിസ്തീര്‍ണമുള്ളതാണ് പാര്‍ക്കിങ് ഏരിയ. രണ്ട് നിലകളിലായാണ് വീട് പണിതിരിക്കുന്നത്. കങ്കണയുടെ സിനിമാ നിര്‍മാണ കമ്പനിയായ മണികര്‍ണിക ഫിലിംസിന്റെ ഓഫീസ് പ്രവർത്തിക്കുന്നത് ഈ വീട്ടിലാണ്.

എംപിയായ ശേഷം സ്വദേശമായ ഹിമാചല്‍ പ്രദേശിലും ന്യൂഡല്‍ഹിയിലുമാണ് കങ്കണ അധികസമയവും ചെലവഴിക്കുന്നത്. അതിനാലാണ് മുംബൈയിലെ വീട് വിൽക്കുന്നത് എന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ, നടിയുടെ സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടതിനെ തുടർന്നുണ്ടായ ബാധ്യതകൾ തീർക്കാനാണ് വീട് വിൽക്കുന്നതെന്നും ചില റിപ്പോർട്ടുകളുണ്ട്. വാർത്തകളോട് നടി ഇതുവരെ പ്രതികരിച്ചിട്ടില്ല.

‘എമർജൻസി’യാണ് കങ്കണയുടെ അടുത്ത ചിത്രം. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയായാണ് ഈ സിനിമയിൽ കങ്കണ വേഷമിടുന്നത്. ഈ സിനിമ സംവിധാനം ചെയ്യുന്നതും കങ്കണ തന്നെയാണ്. 2023ൽ പുറത്തിറങ്ങിയ തേജസ് ആയിരുന്നു കങ്കണയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. ബോക്സോഫിസിൽ സിനിമ വൻപരാജയമായിരുന്നു. ചന്ദ്രമുഖി, തലൈവി, പങ്ക, ജഡ്ജ്മെന്റൽ, സിമ്രൻ തുടങ്ങി സമീപകാലത്ത് ഇറങ്ങിയ കങ്കണയുടെ ചിത്രങ്ങളെല്ലാം വൻ പരാജയമായിരുന്നു.

മുംബൈയിലുള്ള കങ്കണയുടെ ഈ വീട് ഏറെ വിവാദങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. 2020ല്‍ നിയമവിരുദ്ധമായ നിര്‍മാണം നടന്നുവെന്ന് ആരോപിച്ച് ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ (ബിഎംസി) ഇത് പൊളിച്ചുനീക്കാന്‍ ശ്രമം നടത്തിയിരുന്നു. ഓഫീസിന്റെ കുറച്ച് ഭാഗങ്ങള്‍ പൊളിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതിയുടെ സ്‌റ്റേ വന്നതോടെ നടപടികൾ നിർത്തിവച്ചു. ബിഎംസിക്കെതിരെ കങ്കണ കേസ് ഫയൽ ചെയ്യുകയും നഷ്ടപരിഹാരമായി 2 കോടി രൂപ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ കേസ് നടി പിന്നീട് പിന്‍വലിച്ചതായാണ് റിപ്പോര്‍ട്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top