തുടർച്ചയായി പരാജയങ്ങൾ, മുംബയിലെ ബംഗ്ലാവ് കങ്കണ റണൗട്ട് വിറ്റു; കടബാധ്യത തീർക്കാനെന്ന് റിപ്പോർട്ട്

മുംബൈ ബാന്ദ്രയിലെ പാലി ഹില്ലിലുള്ള ബംഗ്ലാവ് കങ്കണ റണൗട്ട് വിറ്റതായി റിപ്പോർട്ട്. സാപ്‌കിയുടെ റിപ്പോർട്ട് പ്രകാരം 32 കോടി രൂപയ്ക്കാണ് നടി ബംഗ്ലാവ് വിറ്റത്. 2017 സെപ്റ്റംബറിൽ 20.7 കോടി രൂപയ്ക്കാണ് നടി ഈ ബംഗ്ലാവ് വാങ്ങിയത്. 2022 ഡിസംബറിൽ ഈ വസ്തുവിന്മേൽ ഐസിഐസിഐ ബാങ്കിൽ നിന്ന് 27 കോടി രൂപ കങ്കണ വായ്പയെടുത്തിരുന്നു. നടിയുടെ സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടതിനെ തുടർന്നുണ്ടായ കടബാധ്യതകൾ ഒഴിവാക്കുന്നതിനാണ് ബംഗ്ലാവ് വിറ്റതെന്നാണ് സ്ഥിരീകരിക്കാത്ത വിവരം.

കഴിഞ്ഞ മാസം കോഡ് എസ്‌റ്റേറ്റ് എന്ന യുട്യൂബ് ചാനൽ കങ്കണയുടെ വീട് വിൽക്കുന്നതുമായി ബന്ധപ്പെട്ട വീഡിയോ ഷെയർ ചെയ്തിരുന്നു. ഒരു സെലിബ്രിറ്റിയുടെ വീടാണെന്ന് പറയുന്നതല്ലാതെ, താരത്തിന്റെ പേര് വീഡിയോയിൽ പറഞ്ഞിരുന്നില്ല. 40 കോടി രൂപയാണ് വീടിന് വിലയിട്ടിരിക്കുന്നതെന്നായിരുന്നു പുറത്തുവരുന്ന വിവരം.

ബാന്ദ്രയിലെ പാലി ഹില്ലിലായിരുന്നു കങ്കണയുടെ ബംഗ്ലാവ്. 3042 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടാണിത്. 285 സ്ക്വയര്‍ മീറ്റര്‍ പ്ലോട്ടിലാണ് വീട് സ്ഥിതി ചെയ്യുന്നത്. 500 ചതുരശ്ര അടി വിസ്തീര്‍ണമുള്ളതാണ് പാര്‍ക്കിങ് ഏരിയ. രണ്ട് നിലകളിലായാണ് വീട് പണിതിരിക്കുന്നത്. കങ്കണയുടെ സിനിമാ നിര്‍മാണ കമ്പനിയായ മണികര്‍ണിക ഫിലിംസിന്റെ ഓഫീസ് പ്രവർത്തിച്ചിരുന്നത് ഇവിടെയായിരുന്നു.

മുംബൈയിലുള്ള കങ്കണയുടെ ഈ വീട് ഏറെ വിവാദങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. 2020-ല്‍ നിയമവിരുദ്ധമായ നിര്‍മാണം നടന്നുവെന്ന് ആരോപിച്ച് ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ (ബിഎംസി) ഈ വീട് പൊളിച്ചുനീക്കാന്‍ നീക്കം നടത്തിയിരുന്നു. ഓഫീസിന്റെ കുറച്ച് ഭാഗങ്ങള്‍ പൊളിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതിയുടെ സ്‌റ്റേ വന്നതോടെ നടപടികൾ നിർത്തിവച്ചു.

എമർജൻസിയാണ് കങ്കണയുടെ അടുത്ത ചിത്രം. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയായാണ് ഈ സിനിമയിൽ കങ്കണ വേഷമിടുന്നത്. ഈ സിനിമ സംവിധാനം ചെയ്യുന്നത് കങ്കണയാണ്. ചിത്രത്തിന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്‍റെ (സിബിഎഫ്‌സി) സര്‍ട്ടിഫിക്കറ്റ് കിട്ടാൻ വൈകിയതോടെ ചിത്രത്തിന്‍റെ റിലീസ് മാറ്റിയിരുന്നു. റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top