ബിജെപിക്ക് ബാധ്യതയാകുന്ന കങ്കണ; നിലപാട് കടുപ്പിച്ച് പാർട്ടി, വീണ്ടും ശാസനം
കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന പിൻവലിച്ച് മാപ്പു പറഞ്ഞെങ്കിലും ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്തിനെ വിടാതെ പാർട്ടി നേതാക്കൾ. അടിസ്ഥാനരഹിതവും യുക്തിരഹിതവുമായ പ്രസ്താവനകളാണ് കങ്കണയുടേതെന്ന് ബിജെപി ദേശീയ വക്താവ് ജയ്‌വീർ ഷെർഗിൽ പറഞ്ഞു.
“കങ്കണ റണാവത്തിന്റെ അഭിപ്രായങ്ങളിൽ നിന്ന് സ്വയം അകന്നുനിന്ന ബിജെപിയോട് എനിക്ക് നന്ദിയുണ്ട്. എന്നാൽ, ഒരു പഞ്ചാബി എന്ന നിലയിൽ ഞാൻ പറയുന്നു, സിഖ് സമുദായത്തിനെതിരെയുള്ള കങ്കണയുടെ അടിസ്ഥാനരഹിതവും യുക്തിരഹിതവുമായ പ്രസ്താവനകൾ, ഇവിടുത്തെ കർഷകരുടെ ക്ഷേമത്തിനായി പ്രധാനമന്ത്രി മോദി ചെയ്ത എല്ലാ നല്ല പ്രവർത്തനങ്ങളെയും നശിപ്പിക്കുന്നതാണ്. പഞ്ചാബിലെ കർഷകരുമായുള്ള പ്രധാനമന്ത്രി മോദിയുടെ അഭേദ്യവും അചഞ്ചലവുമായ ബന്ധത്തെ ഒരു പാർട്ടി എംപി നടത്തിയ പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്താനോ കാണാനോ പാടില്ല,” അദ്ദേഹം പറഞ്ഞു.
കാർഷിക ബില്ലുകളെക്കുറിച്ചുള്ള കങ്കണയുടെ പ്രസ്താവന വ്യക്തിപരമെന്നും ബിജെപി നിലപാടുകളെ പ്രതിഫലിക്കുന്നതല്ലെന്നും ഇന്നലെ മറ്റൊരു ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ പറഞ്ഞിരുന്നു. 2021 ൽ മോദി സർക്കാർ പിന്‍വലിച്ച കാര്‍ഷിക ബില്ലുകള്‍ തിരിച്ചുകൊണ്ടുവരണമെന്നായിരുന്നു സ്വന്തം മണ്ഡലമായ മാണ്ഡ്യയിൽ മാധ്യമങ്ങളോട് സംസാരിക്കവേ കങ്കണ ആവശ്യപ്പെട്ടത്. പ്രസ്താവനയ്ക്ക് എതിരെ പാർട്ടിക്ക് അകത്തുനിന്നും വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ കങ്കണ വെട്ടിലായി. പ്രസ്താവന പിന്‍വലിക്കുന്നതായും പാര്‍ട്ടി നിലപാടിനൊപ്പം നില്‍ക്കുന്നതായും കങ്കണ അറിയിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here