‘അസീസിക്കയുടെ ആദ്യ ഓഡിഷന്‍ കണ്ടപ്പോളേ പായല്‍ പറഞ്ഞു ഇതാണ് ഡോ. മനോജ്’; അസീസ് നെടുമങ്ങാടിനെക്കുറിച്ച് കനി കുസൃതി; ഓഡിഷൻ ചെയ്തത് 150 പേരെ

77ാമത് കാന്‍ ചലച്ചിത്രമേളയില്‍ അഭിമാനകരമായ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് പായല്‍ കപാഡിയ സംവിധാനം ചെയ്ത ‘ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്’. ചിത്രത്തില്‍ പ്രഭ, അനു എന്നീ നഴ്‌സുമാരുടെ കഥാപാത്രങ്ങളെയാണ് മലയാളി താരങ്ങളായ കനി കുസൃതിയും ദിവ്യ പ്രഭയും അവതരിപ്പിച്ചിരിക്കുന്നത്. കനിയുടെ നായകനായ ഡോ. മനോജ് എന്ന കഥാപാത്രമായി എത്തുന്നത് മറ്റൊരു മലയാളി താരമായ അസീസ് നെടുമങ്ങാടാണ്. അസീസിന്റെ ആദ്യ ഓഡിഷന്‍ വീഡിയോ കണ്ടപ്പോഴേ സംവിധായിക പായലിന് അദ്ദേഹത്തെ ഇഷ്ടപ്പെട്ടുവെന്നാണ് കനി കുസൃതി പറയുന്നത്. ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തിലാണ് കനി ഇക്കാര്യം വെളിപ്പെടുത്തിയത്.

“വഴക്ക് എന്നൊരു സിനിമയില്‍ ഞാനും അസീസിക്കയും ഒന്നിച്ച് അഭിനയിച്ചിരുന്നു. അതില്‍ അദ്ദേഹത്തിന്റെ പ്രകടനം കണ്ടാണ് ഞാന്‍ പായലിനോട് പറഞ്ഞത് ആളെ ഒന്ന് നോക്കിക്കൂടെ എന്ന്. പായല്‍ ഏറ്റവും പെട്ടെന്ന് തീരുമാനിച്ചത് അദ്ദേഹത്തെയാണ്. ഞങ്ങളെയൊക്കെ പലവട്ടം ഓഡിഷന്‍ ചെയ്തു. അസീസിക്കയുടെ ആദ്യ ഓഡിഷന്‍ കണ്ടപ്പോഴേ ഇദ്ദേഹം മതിയെന്ന് പായല്‍ പറഞ്ഞു.”

150ഓളം പേരെ ഓഡിഷൻ ചെയ്തതിനു ശേഷമാണ് പായൽ കപാഡിയ അസീസ് നെടുമങ്ങാടിലേക്ക് എത്തുന്നത്. അസീസിനെ കുറിച്ച് കനി കുസൃതി കാനില്‍ നിന്നുള്ള അഭിമുഖത്തില്‍ സംസാരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് പലരും ചിത്രത്തില്‍ അസീസ് അഭിനയിച്ചെന്ന കാര്യം അറിയുന്നത്. ഇതോടെ ചലച്ചിത്ര മേഖലയില്‍ നിന്നും പുറത്ത് നിന്നുമുള്ള നിരവധി ആളുകളാണ് അസീസിന് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.

മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ സിനിമ കാന്‍ ചലച്ചിത്ര മേളയില്‍ മത്സര വിഭാഗത്തിലെത്തുന്നത്. 1994 ല്‍ ഷാജി എന്‍ കരുണിന്റെ ‘സ്വം’ മത്സര വിഭാഗത്തില്‍ ഇടം പിടിച്ചിരുന്നു. മുംബൈ നഗരത്തില്‍ ജോലി ജോലി ചെയ്യുന്ന രണ്ടു മലയാളി നഴ്സ്മാരായ പ്രഭയും അനുവുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. വലിയ നഗരത്തില്‍ അവര്‍ അനുഭവിക്കുന്ന ഏകാന്തതയുടെയും അവര്‍ക്കുണ്ടാവുന്ന ബന്ധങ്ങളുടെയും കഥയാണ് ഓള്‍ വി ഇമാജിന്‍ ഈസ് ലൈറ്റ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top