കാനില്‍ കനി കയ്യിലേന്തിയ ‘തണ്ണിമത്തന്‍’ ബാഗ് നിര്‍മിച്ചത് കൊച്ചിയില്‍; പലസ്തീന്റെ പ്രതീകമായി തണ്ണിമത്തന്‍ മാറിയ കഥ

കാന്‍ ചലച്ചിത്ര മേളയുടെ ചരിത്രത്തില്‍ ആദ്യമായാകും ഒരു ബാഗ് ഇത്രയധികം ശ്രദ്ധ പിടിച്ചുപറ്റുന്നത്. പറഞ്ഞുവരുന്നത് മലയാളിതാരം കനി കുസൃതിയുടെ റെഡ് കാര്‍പ്പറ്റ് നടത്തത്തെക്കുറിച്ചാണ്. വെള്ള നിറത്തിലുള്ള വസ്ത്രവും തണ്ണിമത്തന്‍ മുറിച്ച രൂപത്തിലുള്ള ക്ലച്ചു(ഹാന്‍ഡ് ബാഗ്)മായാണ് കനി തന്റെ ടീം അംഗങ്ങള്‍ക്കൊപ്പം എത്തിയത്. കൊച്ചിയിലെ പനമ്പിള്ളി നഗറിലുള്ള സാള്‍ട്ട് സ്റ്റുഡിയോയിലാണ് ആ ക്ലച്ച് നിര്‍മിച്ചത്. കനിയുടെ സുഹൃത്തും ഡിസൈനറുമായ ദിയ ജോണും സംഘവുമാണ് ഇതിന് പിന്നില്‍. സാള്‍ട്ട് സ്റ്റുഡിയോ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ഇതിന്റെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. പൂര്‍ണമായും തുണി ഉപയോഗിച്ചാണ് സാള്‍ട്ട് സ്റ്റുഡിയോ കനിക്കായി ഈ ക്ലച്ച് രൂപകല്‍പന ചെയ്തത്.

ഗാസയിലും പലസ്തീനിലൊട്ടാകയെും നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിനും അതിനെ ചുറ്റിപ്പറ്റിയുള്ള വ്യത്യസ്ത സംവാദങ്ങള്‍ക്കും മറുപടിയായി, പലസ്തീനികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ ആളുകള്‍ തണ്ണിമത്തന്‍ ചിത്രങ്ങള്‍ ഉപയോഗിക്കുന്നത് പതിവ് കാഴ്ചയാണ്. തണ്ണിമത്തന്റെ അകത്തും പുറത്തുമുള്ള ചുവപ്പും പച്ചയും നിറങ്ങള്‍ക്ക് പലസ്തീന്‍ പതാകയുമായുള്ള സാമ്യമാണ് ഇതിന് കാരണം. ചുവപ്പ്, പച്ച, വെള്ള നിറങ്ങളാണ് പലസ്തീന്‍ പതാകയിലുള്ളത്.

1967ലെ അറബ്-ഇസ്രായേല്‍ യുദ്ധത്തെത്തുടര്‍ന്ന് പലസ്തീന്‍ പതാക പരസ്യമായി പ്രദര്‍ശിപ്പിക്കുന്നത് ഇസ്രായേലില്‍ നിരോധിക്കപ്പെട്ടു. പതാക പ്രദര്‍ശിപ്പിക്കുന്നവര്‍ അറസ്റ്റ് നേരിടേണ്ടിവരുമെന്ന സാഹചര്യമായി. 1993ലെ ഓസ്ലോ ഉടമ്പടിയില്‍ നിരോധനം നീക്കിയിരുന്നുവെങ്കിലും ഇസ്രയേലിന്റെ തീവ്ര വലതുപക്ഷ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വീര്‍ കഴിഞ്ഞ വര്‍ഷം പൊതു ഇടങ്ങളില്‍ സ്ഥാപിച്ച പലസ്തീന്‍ പതാകകള്‍ നീക്കം ചെയ്യാന്‍ ഉത്തരവിട്ടു.

1980-കളില്‍ ഒരു ഇസ്രയേലി സൈനികനില്‍ നിന്നാണ് തണ്ണിമത്തന്റെ പലസ്തീനിയന്‍ പതാകയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ആശയം ഉരുത്തിരിഞ്ഞതെന്ന് പ്രശസ്ത പലസ്തീനിയന്‍ കലാകാരനായ സ്ലിമാന്‍ മന്‍സൂര്‍ പറയുന്നു. ഗ്യാലറിയിലെ ചിത്രങ്ങള്‍ പിടിച്ചെടുക്കാന്‍ വന്ന ഇസ്രയേലി സൈനികര്‍, പലസ്തീന്‍ പതാകയുടെ നിറമുള്ള എന്തും തങ്ങള്‍ കണ്ടുകെട്ടുമെന്ന് കലാകാരന്മാരെ അറിയിച്ചു. ‘നിങ്ങള്‍ വരയ്ക്കുന്നത് ഒരു തണ്ണിമത്തന്‍ ആയാല്‍ പോലും ഞങ്ങളത് പിടിച്ചെടുക്കും,’ എന്നായിരുന്നു സൈനികര്‍ പറഞ്ഞത്. ഈ വാക്കുകളാണ് കലാകാരന്മാരെ ചിന്തിപ്പിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top