കന്നഡ സൂപ്പര്‍താരം ദർശനും നടി പവിത്രയും അറസ്റ്റില്‍; താരങ്ങള്‍ കുടുങ്ങിയത് നടിക്ക് അശ്ലീല സന്ദേശം അയച്ചയാള്‍ കൊല്ലപ്പെട്ടതോടെ; ചോദ്യം ചെയ്യല്‍ തുടരുന്നു

ബെംഗളൂരു: കന്നഡ സൂപ്പർതാരം ദർശൻ തൂഗുദീപയും ഭാര്യയും നടിയുമായ പവിത്ര ഗൗഡയും കൊലപാതക കേസിൽ അറസ്റ്റിലായി. ചിത്രദുർഗ സ്വദേശിയായ രേണുകസ്വാമി (33) യുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ദർശനെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കൂടാതെ പത്തുപേര്‍ കൂടി കസ്റ്റഡിയിലായിട്ടുണ്ട്. മൈസൂരിലെ ഫാം ഹൗസിൽനിന്ന് കസ്റ്റഡിയില്‍ എടുത്ത നടനെ ബെംഗളൂരുവിലേക്ക് മറ്റും. പവിത്ര ഗൗഡയ്‌ക്ക് അശ്ലീല സന്ദേശം അയച്ചതിന്റെ പേരിലായിരുന്നു കൊലപാതകം. മൈസൂരുവിലെ ഫാംഹൗസിൽ നിന്നാണ് ദർശനെ പൊലീസ് പിടികൂടിയത്. ആർആർ നഗറിലെ ദർശൻ്റെ വീടിന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ബെംഗളൂരുവിലെ സുമനഹള്ളി പാലത്തിൽ രേണുക സ്വാമിയെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ചിത്രദുർഗയിലെ അപ്പോളോ ഫാർമസി ശാഖയിൽ ജോലി ചെയ്തിരുന്ന ഇയാൾ പവിത്രക്ക് അശ്ലീല സന്ദേശം അയച്ചിരുന്നു. ആദ്യം ആത്മഹത്യയാണെന്ന് കരുതിയ കേസ് പിന്നീട് കൊലപാതകമെന്ന് തെളിയുകയായിരുന്നു. ഇന്നലെ പിടിയിലായ മൂന്ന് പേര്‍ നടൻ ദർശൻ്റെ നിർദേശപ്രകാരമാണ് കൊലപാതകം നടത്തിയതെന്ന് കുറ്റസമ്മതം നടത്തിയിരുന്നു. സ്വാമിയെ കാണാനില്ലെന്ന് കാണിച്ച് രക്ഷിതാക്കൾ പരാതി നൽകിയിരുന്നെങ്കിലും അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. സ്വാമിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടനെ കസ്റ്റഡിയിലെടുത്തത്.
കന്നഡ സിനിമയില്‍ ഏറെ ആഘോഷിക്കപ്പെട്ട താരമാണ് ദർശൻ. സാൻഡൽവുഡിൻ്റെ നിർമ്മാതാവും വിതരണക്കാരനും കൂടിയാണ് അദ്ദേഹം. ടെലിവിഷനിലാണ് അഭിനയത്തില്‍ തുടക്കമിട്ടത്. തുടര്‍ന്ന് ബിഗ് സ്‌ക്രീനിലേക്ക് മാറി. ‘കലാസിപല്യ’, ‘സാരഥി’, ‘യജമാന’, ‘റോബർട്ട്’ എന്നിവ അദ്ദേഹത്തിൻ്റെ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ചിലതാണ്. 2023ൽ തിയേറ്ററുകളിലെത്തിയ ‘കാറ്റേര’യിലാണ് അവസാനമായി അഭിനയിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here