എഡിഎമ്മിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് എതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസ്; നടപടി പ്രതിഷേധം ശക്തമാകുന്നതിനിടെ

കണ്ണൂര്‍ എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയ്ക്ക് എതിരെ കേസെടുത്തു. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തത്. 10 വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്. ദിവ്യയെ പ്രതി ചേർത്ത് കണ്ണൂർ പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.

ദിവ്യക്ക് എതിരെ കേസ് എടുക്കാന്‍ വൈകിയതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. നവീന്‍ ബാബുവിന്റെ സഹോദരനും കേസ് എടുക്കാന്‍ വൈകുന്നതിനെതിരെ രംഗത്തുവന്നിരുന്നു. കണ്ണൂരിൽ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിനിടെ നടന്ന പ്രശ്നങ്ങളാണ് ആത്മഹത്യയില്‍ കലാശിച്ചത്. ക്ഷണിക്കാതെ വേദിയിലെത്തിയ ദിവ്യ അദ്ദേഹത്തിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ജില്ലാ കലക്ടർ ഉൾപ്പെടെ പങ്കെടുത്ത റവന്യൂ ഉദ്യോഗസ്ഥർ മാത്രം ഉണ്ടായിരുന്ന ചടങ്ങിലേക്കാണ് ദിവ്യ എത്തിയത്.

കണ്ണൂർ ചെങ്ങളായിയിൽ പെട്രോള്‍ പമ്പിനു എന്‍ഒസി നല്‍കാന്‍ വൈകിയെന്നും എങ്ങനെയാണ് നവീന്‍ ബാബു എന്‍ഒസി നല്‍കിയത് എന്ന് അറിയാമെന്നുമാണ് ദിവ്യ പറഞ്ഞത്. വിവരങ്ങള്‍ പിന്നീട് വെളിപ്പെടുത്തും എന്ന് ഭീഷണി മുഴക്കിയാണ് ചടങ്ങിനിടെ ദിവ്യ പുറത്തേക്ക് പോയത്. ഈ സംഭവത്തിനു ശേഷം നവീൻ ബാബു തന്റെ ക്വാർട്ടേഴ്സിലെത്തി ജീവനൊടുക്കുകയായിരുന്നു. ഈ സംഭവമാണ് സിപിഎമ്മിനെയും സര്‍ക്കാരിനെയും പിടിച്ചുകുലുക്കിയ വിവാദമായി മാറിയത്.

നവീന്‍ ബാബുവിന്റെ സംസ്കാരചടങ്ങുകള്‍ ഇന്ന് പത്തനംതിട്ടയിലെ വീട്ടില്‍ നടക്കുകയാണ്. രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും അടക്കം വന്‍ ജനാവലിയാണ് പത്തനംതിട്ടയിലെ വീട്ടില്‍ എത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top