എഡിഎമ്മിന്റെ കുടുംബത്തിന് നല്‍കിയത് പെട്രോള്‍ പമ്പ് ഇടപാട് അന്വേഷിക്കുമെന്ന ഉറപ്പ്; ലോക്സഭയില്‍ ചോദ്യം വന്നപ്പോള്‍ കടകംമറിഞ്ഞ് സുരേഷ് ഗോപി

കണ്ണൂര്‍ ചെങ്ങളായി വിവാദ പെട്രോള്‍ പമ്പിനെക്കുറിച്ച് കേന്ദ്രം ഒരു അന്വേഷണവും നടത്തുന്നില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അടൂര്‍ പ്രകാശിന് ലോക്സഭയില്‍ നല്‍കിയ മറുപടിയിലാണ് മന്ത്രി ഈ കാര്യം വ്യക്തമാക്കിയത്.

പെട്രോള്‍ പമ്പ് അനുവദിക്കുന്നത് അതാത് എണ്ണകമ്പനികളാണ്. കേന്ദ്രം ഈ കാര്യത്തില്‍ ഇടപെടാറില്ല. മന്ത്രി വ്യക്തമാക്കുന്നു. കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദത്തിലായ പെട്രോള്‍ പമ്പിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ടോ എന്നാണ് അടൂര്‍ പ്രകാശ് ചോദിച്ചത്.

എഡിഎമ്മിന്റെ വീട് സന്ദര്‍ശിച്ച ശേഷം പെട്രോള്‍ പമ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കുമെന്നും ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു.

Also Read: 25 വർഷത്തെ പെട്രോൾ പമ്പ് അനുമതി രേഖകൾ പരിശോധിക്കുമെന്ന് സുരേഷ് ഗോപി; ‘കണ്ണൂരിലെ വിവാദ എൻഒസിയിൽ നടപടി ഉടൻ’

പെട്രോള്‍ പമ്പിന്‍റെ എന്‍ഒസിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. അതിനാല്‍ പരാതി സര്‍ക്കാരിനു കൈമാറിയിട്ടുണ്ട് എന്നാണ് ചോദ്യത്തിന് മന്ത്രി മറുപടി നല്‍കിയത്.

ചെങ്ങളായി പെട്രോള്‍ പമ്പിനു എന്‍ഒസി നല്‍കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളാണ് എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് കാരണമായത്. എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ എത്തിയ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ദിവ്യ ഇതുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ത്തിയതിന് ശേഷമാണ് എഡിഎമ്മിനെ കണ്ണൂരിലുള്ള ക്വാര്‍ട്ടേഴ്സില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്. കേരളത്തില്‍ വിവാദ കൊടുങ്കാറ്റ് സൃഷ്ടിച്ച ഈ സംഭവത്തിലുള്‍പ്പെട്ട പെട്രോള്‍ പമ്പിനെക്കുറിച്ച് ഒരു അന്വേഷണവും നടക്കുന്നില്ല എന്നാണ് മന്ത്രി വ്യക്തമാക്കിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top