കണ്ണൂര്‍ കളക്ടര്‍ കെട്ടിയാടുന്നത് സിപിഎം തിരക്കഥയിലെ വേഷമോ? തെറ്റുപറ്റിയതായി എഡിഎം പറഞ്ഞെന്ന മൊഴി ആയുധമാക്കി ദിവ്യയുടെ ജാമ്യഹര്‍ജി
എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ സഹപ്രവര്‍ത്തകന് നീതി ഉറപ്പാക്കുന്നതിനേക്കാളും കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന് താല്‍പര്യം പിപി ദിവ്യയെ രക്ഷിക്കുന്നതിലെന്ന് വിമര്‍ശനം കടുക്കുന്നു. ആദ്യം മുതല്‍ ഈ വിഷയത്തിലെ കളക്ടറുടെ നടപടികളില്‍ നവീന്റെ കുടുംബം സംശയം പ്രകടിപ്പിച്ചിരുന്നു. ആ സംശയങ്ങള്‍ ബലപ്പെടുന്നതാണ് ഓരോ ദിവസവും പുറത്തു വരുന്ന വിവരങ്ങള്‍.
യാത്രയയപ്പ് ചടങ്ങില്‍ ദിവ്യ തന്റെ സഹപ്രവര്‍ത്തകനെതിരെ കടുത്ത ആരോപണം ഉന്നയിച്ച് അപമാനിക്കുമ്പോള്‍ ചെറുചിരിയോടെ മൗനമായി ഇരുന്നിടത്ത് നിന്ന് തുടങ്ങുന്നു കളക്ടറുടെ വീഴ്ചകള്‍. ഇത് കൃത്യമായി മനസിലായതു കൊണ്ടാണ് വീട്ടിലേക്ക് എത്തുന്നത് നവീന്റെ കുടുംബം വിലക്കിയത്. താന്‍ ഇരുട്ടിലാണെന്ന് വികാരപരമായി കുടുംബത്തിന് കത്തെഴുതിയ കളക്ടര്‍ പിന്നീടുള്ള ദിവസങ്ങളില്‍ നടത്തിയത് നവീനെ ഇരുട്ടില്‍ നിര്‍ത്താനുള്ള നീക്കങ്ങളാണ്.
ഇതുവരേയും നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ചിരുന്നത് പിപി ദിവ്യയും പെട്രോള്‍ പമ്പിനായി അപേക്ഷ നല്‍കിയ ടിവി പ്രശാന്തുമായിരുന്നു. എന്നാല്‍ ഇവരുടെ ആരോപണങ്ങള്‍ക്ക് ശക്തിപകരുന്ന ഒരു മൊഴി കളക്ടര്‍ പോലീസിന് നല്‍കുകയും ചെയ്തു. ദിവ്യ യാത്രയയപ്പ് ചടങ്ങില്‍ വന്ന് പോയ ശേഷം നവീന്‍ ബാബു തന്റെ മുന്നിലെത്തി തെറ്റുപറ്റിയെന്ന് പറഞ്ഞതായി പോലീസിന് മൊഴി നല്‍കി. ആദ്യഘട്ടത്തിലൊന്നും പറയാതിരുന്ന കാര്യമാണ് കളക്ടര്‍ പോലീസിന് മുന്നില്‍ പറഞ്ഞത്. നവീന്റെ മരണം സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തി നല്‍കിയ റിപ്പോര്‍ട്ട് നല്‍കിയപ്പോഴൊന്നും കളക്ടര്‍ പറയാതിരുന്ന കാര്യമാണിത്. വകുപ്പുതല അന്വേഷണത്തിലും ഇക്കാര്യം പറഞ്ഞിട്ടില്ലെന്നാണ് വിവരം. പിന്നെ എന്തിനാണ് പോലീസിന് ഇങ്ങനെ ഒരു മൊഴി നല്‍കി എന്നതിലാണ് സംശയം ഉയരുന്നത്.
കളക്ടറുടെ ഈ മൊഴി ആയുധമാക്കിയാണ് ദിവ്യ ഇപ്പോള്‍ ജാമ്യ ഹര്‍ജി നല്‍കിയിരിക്കുന്നത്. കളക്ടര്‍ ക്ഷണിച്ചിട്ടാണ് ചടങ്ങില്‍ പങ്കെടുത്തതെന്ന കാര്യം ദിവ്യ ജാമ്യാപേക്ഷയില്‍ ആവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. ക്ഷണിച്ചിട്ടില്ലെന്ന് കളക്ടര്‍ പലതവണ പറഞ്ഞിട്ടും എന്തുകൊണ്ടാണ് ദിവ്യ ഇക്കാര്യം വീണ്ടും കോടതിയില്‍ ഉന്നയിക്കുന്നത് എന്നത് സംശയാസ്പദമാണ്. ഇക്കാര്യങ്ങളില്‍ കളക്ടര്‍ വ്യക്തമായ ഒരു മറുപടി പറയുന്നുമില്ല. എല്ലാം അന്വേഷിക്കട്ടെ, മൊഴിയില്‍ പറഞ്ഞത് പുറത്ത് പറയുന്നില്ല എന്നെല്ലാം പറഞ്ഞ് ഒഴിയുകയാണ് കളക്ടര്‍.
അപമാനിക്കപ്പെട്ട ദിവസം ആരെങ്കിലും ഒന്ന് സമാധാനിപ്പിച്ചിരുന്നെങ്കില്‍ തന്റെ ഭര്‍ത്താവ് ജീവനോടെ ഉണ്ടായിരിക്കുമെന്ന നവീന്റെ ഭാര്യ മഞ്ജുഷയുടെ പരാമര്‍ശവും കളക്ടറെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതാണ്. ഒക്ടോബര്‍ നാലിന് വിടുതല്‍ ചെയ്യേണ്ട ഉദ്യോഗസ്ഥനെ പിടിച്ചുനിര്‍ത്തി അപമാനിച്ച് മരണത്തിലേക്ക് തള്ളിവിട്ടതിന് പിന്നില്‍ കളക്ടറാണെന്നും കുടുബം ആരോപിക്കുന്നുണ്ട്. ഇതിനൊന്നും കളക്ടര്‍ മറുപടി പറയുന്നില്ല. പകരം അന്വേഷിക്കട്ടെ എന്ന് മാത്രം പ്രതികരിക്കുകയാണ്.
സിപിഎം എഴുതിയ തിരക്കഥയ്ക്ക അനുസരിച്ചുള്ള വേഷം കളക്ടര്‍ കെട്ടിയാടുകയാണെന്ന വിമര്‍ശനം ശക്തമാകുന്നതും ഈ കാരണങ്ങള്‍ കൊണ്ടാണ്. ഭരണകക്ഷിയായ സിപിഎമ്മിനെ എതിര്‍ത്ത് കണ്ണൂര്‍ പോലെയൊരു ജില്ലയില്‍ താരതമ്യേന ജൂനിയറായ കളക്ടര്‍ എങ്ങനെ തുടരുമെന്ന വാദമാണ് അരുണ്‍ കെ വിജയനെ അനുകൂലിക്കുന്നവര്‍ ഉന്നയിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here