നവീന്‍ ബാബുവിന്റെ മരണത്തില്‍ അന്വേഷണം നടക്കുന്നതിനിടെ കണ്ണൂര്‍ കളക്ടര്‍ പരിശീലനത്തിന്; അനുമതി നല്‍കി സര്‍ക്കാര്‍

നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതിനിടെ കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ.വിജയനു കേന്ദ്രപരിശീലനത്തിന് പോകുന്നു. ഇതിനുള്ള അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഡിസംബര്‍ 2 മുതല്‍ 27 വരെയാണ് കേന്ദ്രസര്‍ക്കാരിന്റെ പരിശീലനം. കളക്ടറുടെ ചുമതല എഡിഎമ്മിനാണ് നല്‍കിയിരിക്കുന്നത്.
കേന്ദ്ര പരിശീലനത്തിന് ശേഷം അരുണ്‍ കെ വിജയന്‍ കളക്ടറായി വീണ്ടും ചുമതലയേല്‍ക്കും. സംസ്ഥാനത്തു നിന്ന് അരുണ്‍ കെവിജയന്‍ ഉള്‍പ്പെടെ ആറ് ഐഎഎസ് ഉദ്യോഗസ്ഥരാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്. സെക്രട്ടറി തലത്തിലേക്കു പ്രൊമോഷന്‍ ലഭിക്കാന്‍ വേണ്ടുന്ന മൂന്നാംഘട്ട പരിശീലന പരിപാടിയാണിത്. കേന്ദ്ര പഴ്സനല്‍ മന്ത്രാലയമാണ് പരിശീലനം നല്‍കുന്നത്.
കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കുടുംബം കളക്ടറേയും പ്രതിസ്ഥാനത്ത് നിര്‍ത്തിയിരിക്കുകയാണ്. ഇതിനിടയിലാണ് അരുണ്‍ കെ വിജയന്‍ പരിശീനത്തിന് പോകുന്നത്. കുടുംബം എത്തിയ ശേഷം മാത്രം ഇന്‍ക്വസ്റ്റും പോസ്റ്റുമോര്‍ട്ടവും നടത്തിയാല്‍ മതിയെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടും കളക്ടര്‍ ചെവിക്കൊണ്ടില്ലെന്ന് ആദ്യ ദിവസം തന്നെ കുടുംബം ആരോപിച്ചിരുന്നു. ഇതോടെ നവീന്റെ സംസ്‌കാര ചടങ്ങുകളില്‍ അരുണ്‍ കെ വിജയന്‍ പങ്കെടുക്കേണ്ട എന്ന നിലപാട് സ്വീകരിച്ചിരുന്നു.
നവീന്‍ ബാബുവിനെ കൈക്കൂലിക്കാരനാക്കി അധിക്ഷേപിച്ച സിപിഎം നേതാവ് പിപി ദിവ്യ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തത് കളക്ടർ ക്ഷണിച്ചിട്ടാണെന്ന് വ്യക്തമാക്കിത്. ഇതുകൂടാതെ തെറ്റുപറ്റിയതായി നവീന്‍ ബാബു തുറന്നുപറഞ്ഞു എന്ന കളക്ടറുടെ മൊഴിയും കുടംബം തള്ളിയിട്ടുണ്ട്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലും കളക്ടറെ പ്രതിസ്ഥാനത്ത് നിര്‍ത്തിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here