കണ്ണൂരിലെ വിവാദ പെട്രോള്‍ പമ്പ് ഇടപാട് അന്വേഷിക്കാന്‍ ഇഡി; സിപിഎമ്മിന് തലവേദനയായി കേന്ദ്ര ഏജന്‍സിയുടെ നീക്കം

കണ്ണൂരില്‍ എഡിഎമ്മിന്റെ ജീവനൊടുക്കലിന് കാരണമായ പെട്രോള്‍ പമ്പ് ഇടപാട് അന്വേഷിക്കാന്‍ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്. പെട്രോള്‍ പമ്പ് സംരംഭകനായ പ്രശാന്തന്റെ സാമ്പത്തിക പശ്ചാത്തലമാണ് ഇഡി അന്വേഷിക്കുക. പ്രശാന്തന്‍ ബിനാമിയാണോ, പെട്രോള്‍ പമ്പിനു പണം മുടക്കാനുള്ള പണം എങ്ങനെ സമാഹരിക്കാന്‍ കഴിഞ്ഞു, കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമം നടന്നോ എന്നൊക്കെയുള്ള കാര്യത്തിലാണ് അന്വേഷണം നടക്കുക. കൊ​ച്ചി​യി​ൽ നി​ന്നു​ള്ള ഇഡി​ യൂണി​റ്റാ​ണ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഈ കാര്യത്തിലുള്ള പ്രാഥമിക പരിശോധന അന്വേഷണ ഏജന്‍സി നടത്തിയിട്ടുണ്ട്.

Also Read: നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പം എന്ന് വെറും പറച്ചില്‍ മാത്രം; സിപിഎം സംരക്ഷണം ദിവ്യക്ക്; ചോദ്യം ചെയ്യാതെ പോലീസ്

എഡിഎമ്മിന്റെ മരണം സിപിഎമ്മിനും സര്‍ക്കാരിനും വന്‍ തലവേദന സൃഷ്ടിച്ചിരിക്കെയാണ് പ്രശ്നത്തില്‍ ഇഡി അന്വേഷണം കൂടി ആരംഭിക്കുന്നത്. പ്രശാന്തന് പിന്നില്‍ ആരെന്ന അന്വേഷണം സിപിഎമ്മിന് തിരിച്ചടിയാകും. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയ പി.പി.ദിവ്യ എന്തിന് ഇടപെട്ടു എന്ന ചോദ്യം ഇപ്പോള്‍ തന്നെ അന്തരീക്ഷത്തിലുണ്ട്. പമ്പിനു പിന്നില്‍ ദിവ്യയുടെ ഭര്‍ത്താവ് പരിയാരം മെഡിക്കല്‍ കോളജ് ജീവനക്കാരനായ അജിത്തിനും സിപിഎം നേതാക്കള്‍ക്കും ബന്ധമുണ്ട് എന്ന ആരോപണവും ഒപ്പമുണ്ട്.

Also Read: പരാതിക്കാരൻ പ്രശാന്തൻ ഇനി സർക്കാർ ശമ്പളം വാങ്ങില്ല; എഡിഎം നവീൻ ബാബു കളവ് ചെയ്യില്ലെന്ന് ആരോഗ്യമന്ത്രി

കഴിഞ്ഞ തിങ്കളാഴ്ച നടന്ന യാത്രയയപ്പ് ചടങ്ങില്‍ ദിവ്യ കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെ അവഹേളിച്ച് സംസാരിച്ചിരുന്നു. യോഗത്തില്‍ ദിവ്യക്ക് ക്ഷണം ഉണ്ടായിരുന്നില്ല. എന്നിട്ടും ദിവ്യ ചടങ്ങിനെത്തി പ്രസംഗിക്കുകയായിരുന്നു. ചെങ്ങളായിലെ പെട്രോള്‍ പമ്പിനു ആദ്യം എന്‍ഒസി നല്‍കാതിരുന്ന എഡിഎം സ്ഥലംമാറ്റത്തിന് തൊട്ടുമുന്‍പ് എങ്ങനെയാണ് എന്‍ഒസി നല്‍കിയത് എന്ന് തനിക്കറിയാം എന്നാണ് ദിവ്യ പറഞ്ഞത്. ഇത് രണ്ട് ദിവസത്തിനുള്ളില്‍ വെളിപ്പെടുത്തും എന്നും പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് ക്വാര്‍ട്ടേഴ്സില്‍ നവീന്‍ ബാബുവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടത്.

എഡിഎമ്മിന്റെ മരണം വലിയ വിവാദ കൊടുങ്കാറ്റ് ആണ് സൃഷ്ടിച്ചത്. ഈ പ്രശ്നത്തിലുള്ള പ്രതിപക്ഷ പ്രതിഷേധം ശമിപ്പിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. എഡിഎമ്മിന്റെ മരണത്തില്‍ ദിവ്യ പ്രതിചേര്‍ക്കപ്പെട്ടിട്ടും ചോദ്യം ചെയ്യാതെ പോലീസ് ഒളിച്ചുകളി നടത്തുന്നതും പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. ദിവ്യക്ക് എതിരെ പാര്‍ട്ടി നടപടി എടുക്കാനും സിപിഎം തുനിഞ്ഞിട്ടില്ല. ഇതൊക്കെ സര്‍ക്കാരിനു വലിയ വലിയ വെല്ലുവിളി സൃഷ്ടിച്ചിരിക്കെയാണ് ഇഡി കൂടി അന്വേഷണത്തിന് എത്തുന്നത്.

ഇഡി അന്വേഷണം തുടങ്ങിയാല്‍ അത് സിപിഎമ്മിനു മറ്റൊരു തലവേദനയാകും. കരുവന്നൂര്‍ ബാങ്കിലെ ഇഡി അന്വേഷണ കുരുക്കില്‍ നിന്നും ഇപ്പോഴും സിപിഎമ്മിന് മോചനമായിട്ടില്ല. അതിനിടയിലാണ് വിവാദ പെട്രോള്‍ പമ്പ് ഇടപാടിലും ഇഡി എത്തുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top