കണ്ണൂര്‍ സിപിഎമ്മിന് തലവേദനയായി ഫെയ്‌സ്ബുക്ക് പോര്; ഭീഷണിയും വെല്ലുവിളിയുമായി പോസ്റ്റുകള്‍

സിപിഎം ജില്ലാ കമ്മറ്റിയില്‍ നിന്നും ഒഴിവായ മനു തോമസും പാര്‍ട്ടി അനുഭാവികളും തമ്മില്‍ സോഷ്യല്‍ മീഡിയയില്‍ നടത്തുന്ന വെല്ലുവിളികളാണ് കണ്ണൂര്‍ സിപിഎമ്മിന് ഇപ്പോള്‍ തലവേദനയായിരിക്കുന്നത്. പരസ്പരം ആരോപണങ്ങളും വെല്ലുവിളികളുമായി സജീവമാണ് ഈ പോസ്റ്റ് യുദ്ധം. മുതിര്‍ന്ന നേതാവ് പി ജയരാജന്‍ ആരോപണം ഉന്നയിക്കുകയും അതിന് മനു തോമസ് മറുപടി നല്‍കുകയും ചെയ്തതോടെയാണ് പോര് കടുത്തത്.

ആരെയെങ്കിലും ലക്ഷ്യമിട്ട് തെറ്റായ ആരോപണം ഉന്നയിച്ചാല്‍ പാര്‍ട്ടി കൂട്ടുനില്‍ക്കില്ല. ബിസിനസ് സംരഭങ്ങളില്‍ നിന്ന് ഒഴിവാകണമെന്ന നിര്‍ദേശം മനു പാലിച്ചില്ലെന്നും ഒരു വിപ്ലവകാരിയുടെ പതനം മാധ്യമങ്ങള്‍ ആഘോഷമാക്കുന്നത് സിപിഎം വിട്ടതുകൊണ്ടെന്നും ജയരാജന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പാര്‍ട്ടിയെ പലതവണ പ്രതിസന്ധിയിലാക്കിയ ജയരാജന്‍ ക്വാറി മുതലാളിമാര്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും, മകനെയും ക്വട്ടേഷന്‍കാരേയും ഉപയോഗിച്ച് കെട്ടിപ്പൊക്കിയ കച്ചവടങ്ങളും ജനം അറിയട്ടെ എന്നും കടുത്ത ഭാഷയില്‍ മനു മറുപടി നല്‍കി. ജയരാജനെ സംവാദത്തിന് ക്ഷണിക്കുന്നതായും മനു വെല്ലുവിളിച്ചു.

ഇതോടെ സിപിഎം അണികള്‍ ഭീഷണിയുടെ സ്വരത്തിലേക്ക് മാറി. ഷുഹൈബ് വധക്കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരി പാര്‍ട്ടിക്കെതിരെ എന്തും വിളിച്ചുപറയാന്‍ പറ്റില്ലെന്ന് ബോധ്യപ്പെടുത്താന്‍ വലിയ സമയം വേണ്ടെന്നും കൂടെയുള്ളവര്‍ക്കും മാധ്യമങ്ങള്‍ക്കും സംരക്ഷിക്കാന്‍ കഴിഞ്ഞെന്നു വരില്ലെന്നും റെഡ് ആര്‍മി എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ വന്ന ഒരു പോസ്റ്റിന് താഴെ കമന്റിട്ടു. ഇതിനും മനു തോമസ് മറുപടി നല്‍കി.

ഭീഷണിയെ പരിഹസിച്ചും പി ജയരാജനെ പ്രതി സ്ഥാനത്ത് നിര്‍ത്തിയുമാണ് മനു പ്രതികരിച്ചത്. ഒഞ്ചിയവും എടയന്നൂരും വിപ്ലവമല്ല, വൈകൃതമായിരുന്നു. പി.ജയരാജനെ സംവാദത്തിന് ക്ഷണിച്ചപ്പോള്‍ ക്വട്ടേഷന്‍ സംഘം ഭീഷണിയുമായി വന്നതില്‍ ആശ്ചര്യമില്ല. കൊല്ലാനാവും; പക്ഷേ നാളെയുടെ നാവുകള്‍ നിശബ്ദമായിരിക്കില്ല. വ്യാജസൈന്യങ്ങളെ തെല്ലും ഭയമില്ല. സംഘടനയെ സംരക്ഷിക്കാന്‍ ക്വട്ടേഷന്‍ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടോ എന്ന് നേതൃത്വം പറയണമെന്നും മനുതോമസ് ആവശ്യപ്പെട്ടു. കൊലവിളി നടത്തുന്നത് ആര്‍ക്ക് വേണ്ടിയാണെന്ന് കൃത്യമായ ബോധ്യമുണ്ട്. കൂടുതല്‍ പറയിപ്പിക്കരുത്. ജനിച്ചാല്‍ ഒരിക്കല്‍ മരിക്കണം അത് നട്ടെല്ല് നിവര്‍ത്തിയാകുമെന്നും മനു മറുപടി കുറിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top