ഇനിയും സംരക്ഷിക്കാന്‍ കഴിയില്ലെന്ന് സിപിഎം സന്ദേശം; പിപി ദിവ്യ കീഴടങ്ങുമെന്ന് സൂചന; മുന്‍കൂര്‍ ജാമ്യം ലഭിക്കില്ലെന്ന് നിയമോപദേശവും
എഡിഎം നീവന്‍ ബാബുവിന്റെ ആത്മഹത്യാ പ്രേരണക്കേസില്‍ പിപി ദിവ്യ ഉടന്‍ കീഴടങ്ങുമെന്ന് സൂചന. ഇനിയും സംരക്ഷണം തുടരാനാകില്ലെന്ന് സിപിഎം തീരുമാനം ദിവ്യയെ അറിയിച്ചുവെന്നാണ് വിവരം. അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാനുള്ള സമ്മര്‍ദമാണ് ദിവ്യക്കുമേല്‍ പാർട്ടി ചെലുത്തുന്നത്. പന്ത്രണ്ട് ദിവസമായിട്ടും നടപടിയൊന്നും ഉണ്ടാകാത്തതില്‍ പാര്‍ട്ടിയും സര്‍ക്കാരും ഒരു പോലെ പൊതുജനമധ്യത്തില്‍ വിമര്‍ശന വിധേയമാകുന്ന സാഹചര്യം ഒഴിവാക്കാനാണ് നീക്കം.
പാര്‍ട്ടിക്കുള്ളിലും ദിവ്യക്ക് സംരക്ഷണം നല്‍കുന്നതില്‍ വിമര്‍ശനം ഉയരുകാണ്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ നിയമത്തിന് മുന്നില്‍ ദിവ്യ കീഴടങ്ങണമെന്നാണ് ഇവരുടെ ആവശ്യം. അനാവശ്യമായി ഈ വിഷയത്തില്‍ പാര്‍ട്ടി പഴി കേള്‍ക്കേണ്ട സാഹചര്യമില്ലെന്ന അഭിപ്രായവും ഉയരുന്നുണ്ട്.
ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ചയാണ് കോടതി വിധി പറയുന്നത്. അതുവരെ കാത്തിരിക്കാതെ കീഴടങ്ങി പാര്‍ട്ടിയുടെ മുഖം രക്ഷിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അനുകൂല വിധിയുണ്ടാകില്ലെന്ന വിലയിരുത്തലും ഈ നീക്കത്തിന് പിന്നിലുണ്ട്.
ഇതുവരേയും പാർട്ടിക്കെതിരായ ഒരു പ്രതികരണം നവീന്റെ കുടുംബത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. അതുകൂടി ഉണ്ടായാല്‍ സ്ഥിതി കൂടുതല്‍ മോശമാകുമെന്നാണ് പല നേതാക്കളുടേയും അഭിപ്രായം
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here