ദിവ്യ രാജിവച്ച ശേഷമുള്ള കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് യോഗത്തില്‍ വന്‍ ബഹളം; അംഗത്വം ഒഴിയണം എന്ന പ്രമേയത്തിന് അനുമതി നിഷേധിച്ചു
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് യോഗത്തില്‍ വന്‍ ബഹളം. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിയായതിനെ തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി വച്ചതിന് ശേഷമുള്ള ആദ്യയോഗത്തിലാണ് പ്രതിഷേധം. ദിവ്യ ജില്ലാ പഞ്ചായത്ത് അംഗത്വം ഒഴിയണമെന്നും ദിവ്യയെ അറസ്റ്റ് ചെയ്യണം എന്നും ആവശ്യപ്പെട്ടുള്ള യുഡിഎഫ് പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് ബഹളം തുടങ്ങിയത്.
ഇത്തരം ഒരു പ്രമേയത്തിന് അനുമതി നല്‍കണമെങ്കില്‍ യോഗത്തിന് ഏഴു ദിവസം മുന്‍പ് അപേക്ഷിക്കണമെന്നും അധ്യക്ഷന്‍ പറഞ്ഞു. ഇതോടെ യുഡിഎഫ് അംഗങ്ങള്‍ അധ്യക്ഷനായ ബിനോയ് കുര്യന് മുന്നിലെത്തി പ്രതിഷേധിച്ചു. ഇതോടെ യോഗം പിരിച്ചുവിട്ടു. എഡിഎമ്മിന്റെ മരണത്തില്‍ പ്രതിയായതോടെ ദിവ്യയെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നു സിപിഎം നീക്കിയിരുന്നു. ദിവ്യ നിലവില്‍ ഒളിവിലായിരുന്നു.
ദിവ്യയ്ക്കെതിരെ പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തതിനു പിന്നാലെയാണ് പഞ്ചായത്ത് അംഗത്വത്തില്‍ നിന്നും ദിവ്യയെ സിപിഎം നീക്കിയത്. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ദിവ്യയുടെ മുൻകൂർ ജാമ്യഹർജിയിൽ പ്രിൻസിപ്പൽ സെഷൻസ് കോടതി നാളെ വിധി പറയും. ജാമ്യഹർജിയിൽ വിധി വരുന്നതുവരെ ദിവ്യ ഒളിവിൽ തുടരാനാണു സാധ്യത. വിധി കാത്തിരിക്കാൻ നിർദേശമുള്ളതിനാലാണ് ഇത്ര ദിവസമായിട്ടും പൊലീസ് അറസ്റ്റ് ചെയ്യാത്തത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here