കണ്ണൂർ വനത്തിൽ മാവോയിസ്റ്റ് വെടിവയ്പ്പ്; കേളകത്ത് വനപാലകസംഘം ഓടിരക്ഷപെട്ടു; തണ്ടർ ബോൾട്ട് തിരച്ചിൽ തുടങ്ങി

കണ്ണൂരിൽ വനത്തിൽ മാവോയിസ്റ്റ് ആക്രമണം. കേളകത്ത് വനം വാച്ചർമാർക്ക് നേരെയാണ് അഞ്ചംഗ സംഘം വെടിവച്ചത്. അൽപം മുൻപ് നടന്ന ആക്രമണത്തിൽ നിന്ന് വനം ഉദ്യോഗസ്ഥർ എല്ലാവരും ഓടി രക്ഷപെട്ടു. ആർക്കും പരുക്കേറ്റില്ല. ഇരിട്ടി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
ഇന്നലെ രാത്രി ഇതിനടുത്ത് രാമച്ചി കോളനിയിൽ തോക്കുധാരികളായ മാവോയിസ്റ്റുകൾ ഇറങ്ങിയിരുന്നു. അഞ്ചംഗ സംഘത്തിൽ സന്തോഷ്, സിപി മൊയ്തീൻ, സോമൻ, മനോജ്, രവി എന്നിവരാണ് ഉണ്ടായിരുന്നത്. പലപ്പോഴായി ഇവർ ഈ പ്രദേശങ്ങളിൽ വന്നുപോകാറുള്ളതിനാൽ നാട്ടുകാർ ഇവരെ തിരിച്ചറിഞ്ഞ് പോലീസിൽ അറിയിച്ചിരുന്നു. ഇന്നത്തെ വെടിവെപ്പിന് പിന്നിൽ ഇവർ തന്നെയാണ് എന്നാണ് പ്രാഥമിക നിഗമനം.
ഒരുമാസം മുമ്പാണ് വയനാട് കമ്പമലയിൽ വനം വികസന കോർപറേഷൻ്റെ ഓഫീസ് മാവോയിസ്റ്റുകൾ അടിച്ചുതകർത്തത്. അന്നും ആളുകളെ ഉപ്രവിച്ചിരുന്നില്ല. എന്നാലിന്ന് ഉണ്ടായ ആക്രമണം കൂടുതൽ കടുത്ത നടപടികൾക്ക് പോലീസിനെ പ്രേരിപ്പിക്കും. 2016 മുതൽ ഇതുവരെ എട്ട് മാവോയിസ്റ്റുകൾ ആണ് പോലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടിട്ടുള്ളത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here