കടുവയെ കെണിയിൽ കുടുക്കിയതോ, വനംവകുപ്പ് അന്വേഷണം; കണ്ണൂരിൽ ചത്ത കടുവയുടെ പേരിൽ നാട്ടുകാരെ കുടുക്കാൻ ശ്രമമെന്ന ആശങ്ക വ്യാപകം

കണ്ണൂര്‍ : കൊട്ടിയൂരില്‍ കടുവ ചത്ത സംഭവത്തില്‍ സ്ഥലമുടമയ്‌ക്കെതിരെ കേസെടുക്കാൻ നീക്കമെന്ന് വ്യാപക ആശങ്ക. കഴിഞ്ഞ ദിവസമാണ് കൊട്ടിയൂര്‍ പന്നിയാംമലയിലെ കൃഷി ഭൂമിയിലെ വേലിയില്‍ കടുവ കുടങ്ങിയത്. മയക്കുവെടി വച്ച് കടുവയെ പിടികൂടിയെങ്കിലും തൃശൂര്‍ മൃഗശാലയിലേക്ക് കൊണ്ടുപോകുന്നതിനിടെ കടുവ ചത്തു പോവുകയായിരുന്നു. ഇതോടെയാണ് വനംവകുപ്പ് കേസെടുത്തത്. നിലവിൽ ആരെയും പ്രതിചേർത്തിട്ടില്ല. എന്നാൽ കേസെടുത്ത നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് കര്‍ഷകര്‍ക്കിടയില്‍ നിന്നുമുയര്‍ന്നത്. മലയോര മേഖലയിലെ കര്‍ഷകരെ വനം വകുപ്പ് വേട്ടയാടുകയാണ് എന്നാണ് കൊട്ടിയൂരിലെ ജനങ്ങള്‍ ആരോപിക്കുന്നത്.

ആരെയും പ്രതി ചേര്‍ത്തിട്ടില്ലെന്ന് ഡിഎഫ്ഒ

കടുവ ചത്തതുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. എന്നാല്‍ അതില്‍ ആരെയും പ്രതിയാക്കിയിട്ടില്ലെന്ന് കണ്ണൂര്‍ ഡിഎഫ്ഒ ഒ.പി.കാര്‍ത്തിക് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. കടുവ കെണിയില്‍ കുടുങ്ങിയാണോ വേലിയില്‍ കുരുങ്ങിയാണോ അപകടത്തില്‍പെട്ടതെന്ന് ഔദ്യോഗികമായി ഇപ്പോള്‍ പ്രതികരിക്കാന്‍ കഴിയില്ല. വന്യജീവി സംരക്ഷണ നിയമ പ്രകാരം കേസെടുക്കുകയാണ് ചെയ്തത്. മറ്റ് കാര്യങ്ങൾ അന്വേഷിക്കുകയാണെന്നും ഡിഎഫ്ഒ പറയുന്നു. കൃഷിയും പുരയിടവും സംരക്ഷിക്കാന്‍ സ്ഥലമുടമ കെട്ടിയ വേലിയില്‍ കടുവ കുരുങ്ങിയതില്‍ എന്തിന് കേസെടുക്കണം എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത് വനംവകുപ്പിന്റെ വീഴ്ചയാണ്. അത് മറയ്ക്കാനാണ് ഈ നടപടികളെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു.

വേലി കൃഷി സംരക്ഷിക്കാനെന്ന് പഞ്ചായത്ത് പ്രസിഡന്റ്

പന്നിയാംമലയിലെ കൃഷിഭൂമിയില്‍ കെണി സ്ഥാപിച്ചുവെന്ന വനംവകുപ്പിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് കൊട്ടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. കൃഷി സംരക്ഷിക്കാന്‍ വേലി കെട്ടിയിരുന്നു. അത് കേബിള്‍ കൊണ്ടാണെന്ന് പറയുന്നത് ശരിയല്ല. വീഴ്ച മറയ്ക്കാന്‍ വനംവകുപ്പ് അനാവശ്യമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് റോയി പറഞ്ഞു. തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് മലയോര മേഖലയിലെ പ്രശ്‌നങ്ങള്‍ അറിയില്ല. അതിനാലാണ് ഇത്തരത്തില്‍ നടപടികള്‍ സ്വീകരിക്കുന്നത്. സുരക്ഷിതരായി ജോലി ചെയ്ത് ജീവിക്കുന്ന ഈ ഉദ്യോഗസ്ഥര്‍ക്ക് മലയോര മേഖലയില്‍ സൗജന്യമായി ഭൂമി നല്‍കാം. അവര്‍ ഇവിടെ വന്ന് താമസിച്ച് കൃഷി ചെയ്താല്‍ മാത്രമേ പ്രശ്‌നങ്ങള്‍ മനസിലാകൂ. പിടികൂടുന്ന സമയത്ത് കടുവ പൂര്‍ണ്ണ ആരോഗ്യവാനായിരുന്നു. കടുവയെ ആറളത്തോ, വയനാടോ തുറന്നുവിടരുതെന്ന് ആവശ്യപ്പെട്ടാണ് ജനങ്ങള്‍ പ്രതിഷേധിച്ചത്. അതുകൊണ്ട് ഒന്നും വൈകിയില്ലെന്നും വൈകിയതിനാലാണ് കടുവ ചത്തതെന്ന് പറയുന്നത് ശരിയല്ലെന്നും റോയ് പറഞ്ഞു.

ജനങ്ങള്‍ പലായനം ചെയ്യുന്നുവെന്ന് കര്‍ഷകസംഘം നേതാവ്

കൊട്ടിയൂരിലെ മലയോര മേഖലകളില്‍ നിന്ന് കൃഷി ഉപേക്ഷിച്ച് ആളുകള്‍ പലായനം ചെയ്യുകയാണെന്ന് സിപിഎം അനുകൂല സംഘടനയായ കര്‍ഷക സംഘം സംസ്ഥാന വൈസ്പ്രസിഡന്റ് അഡ്വ.കെ.ജെ.ജോസഫ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. ഈ പ്രദേശങ്ങളില്‍ കടുവയുടെ സാന്നിധ്യം സ്ഥിരം സംഭവമാണ്. എല്ലാ പ്രതിസന്ധികള്‍ തരണം ചെയ്ത് കൃഷി ചെയ്താലും അതുകൊണ്ട് കര്‍ഷകന് ഒരു ഗുണവും ലഭിക്കാത്ത അവസ്ഥയാണ്. യുവതലമുറ അതുകൊണ്ട് തന്നെ കൃഷിയിലേക്ക് തിരിഞ്ഞു നോക്കാറില്ല. ഇതിനൊപ്പം വന്യമൃഗങ്ങളുടെ ഭീഷണിയും വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. പന്നിയാംമലയില്‍ സ്വന്തം കൃഷിയും ഭൂമിയും സംരക്ഷിക്കാനാണ് കര്‍ഷകന്‍ കെണി സ്ഥാപിച്ചതെന്നാണ് വിവരം. ഇതിനുളള അവകാശം കര്‍ഷകനുണ്ട്. അതുകൊണ്ട് തന്നെ കേസ് എടുക്കരുതെന്ന് വനംവകുപ്പിനോട് ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജോസഫ് പറഞ്ഞു. വനം വകുപ്പ് സാങ്കേതികമായ കാര്യങ്ങളാണ് പറയുന്നത്. ഒരു വന്യജീവി ആസ്വാഭാവികമായി ചത്താൽ അന്വേഷണം നടത്തിയേ മതിയാകു. അതിനാലാണ് കേസെടുത്തത് എന്നാണ് വകുപ്പ് പറയുന്നത്. കേസെടുത്ത് കടുത്ത നടപടികളുമായി മുന്നോട്ടു പോയാല്‍ കര്‍ഷക പ്രക്ഷോഭങ്ങളുടെ നാടായ കൊട്ടിയൂര്‍ അത് നോക്കിനില്‍ക്കില്ലെന്നും ജോസ്ഫ് പറയുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top