കണ്ണൂരില്‍ നിന്നും പിടികൂടിയ കടുവ ചത്തു; ദേഹത്തെ പരുക്കുകള്‍ ആന്തരികാവയവങ്ങളെ ബാധിച്ചുവെന്ന് സൂചന; ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തും
കണ്ണൂര്‍: കേളകത്ത് നിന്ന് മയക്കുവെടിവച്ച് ഇന്നലെ പിടികൂടിയ കടുവ ചത്തു. ജനവാസമേഖലയില്‍ ഇറങ്ങിയ കടുവയെ വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഉച്ചയ്ക്കു ശേഷം മയക്കുവെടി വച്ച് പിടിച്ചത്. കടുവയുടെ ദേഹത്തില്‍ നിറയെ പരുക്കുകളായിരുന്നു. ഈ പരുക്ക് ആന്തരികാവയവങ്ങളെ ബാധിച്ചുവെന്നാണ് സൂചന. ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തും.
കടുവയെ മയക്കുവെടി വയ്ക്കാനുള്ള ആദ്യശ്രമം പരാജയപ്പെട്ടിരുന്നു. കൃഷിയിടത്തിലേക്ക് ഓടിമാറിയ കടുവയെ പിന്നീട് അവിടെവച്ചാണ് മയക്കുവെടിവച്ച് പിടികൂടി കണ്ണവം വനം ഓഫീസിലെത്തിച്ചത്. വീടുകളിലെ വളര്‍ത്തുനായ്ക്കളെ കടുവ പിടികൂടുന്നത് സ്ഥിരം സംഭവമായിരുന്നു.
മാര്‍ച്ച് 12-നാണ് അടയ്ക്കാത്തോട് റോഡില്‍ ആദ്യമായി കടുവയെ കണ്ടത്. 17-ന് നടത്തിയ തിരച്ചിലില്‍ തോട്ടില്‍ കടുവയെ കണ്ടെത്തിയെങ്കിലും സന്ധ്യയായതിനാല്‍ ,മയക്കുവെടി വച്ചില്ല. രോഷാകുലരായ നാട്ടുകാര്‍ ഡിവിഷണല്‍ വനം ഓഫീസര്‍ അടക്കമുള്ളവരെ മണിക്കൂറുകളോളം തടഞ്ഞുവെച്ചിരുന്നു. ഇതേത്തുടര്‍ന്ന് മൂന്നിടത്ത് കൂടുകളും ക്യാമറയും സ്ഥാപിച്ചു. ഇതിനിടെ പലതവണ പലേടത്തും കടുവയെ കണ്ടെങ്കിലും പിടികൂടാനായിരുന്നില്ല
അടുത്തിടെ കൊട്ടിയൂര്‍ പന്ന്യാംമലയില്‍ കെണിയില്‍ കുടുങ്ങിയ കടുവയെ മയക്കുവെടിവെച്ച് പിടിച്ചെങ്കിലും അതും ചത്തിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here