റിവ്യൂ ഹർജിക്കില്ല; നാളെത്തന്നെ ഡൽഹിക്ക് മടങ്ങുമെന്ന് ഡോ. ഗോപിനാഥ് രവീന്ദ്രൻ

തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വിസി പുനർനിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധി അംഗീകരിക്കുന്നതായും പുനപരിശോധനാ ഹർജി നൽകില്ലെന്നും ഡോ. ഗോപിനാഥ് രവീന്ദ്രൻ. താന്‍ ആവശ്യപ്പെട്ടല്ല നിയമിച്ചതെന്നും നിയമനം രാഷ്ട്രീയ പ്രത്യുപകാരമാണെന്ന വാദം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. പുനര്‍നിയമനത്തില്‍ ബാഹ്യ ഇടപെടൽ ഉണ്ടായോ എന്ന് തന്നോടല്ല ചോദിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രിയ വര്‍ഗീസിന്‍റെ നിയമനത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടായിട്ടില്ല. പ്രിയയുടെ നിയമനം കോടതി തന്നെ അംഗീകരിച്ചു. നിയമനങ്ങളിൽ ഒരു ഇടപെടലും നടത്തിയിട്ടില്ലെന്നും ഡോ. ഗോപിനാഥ് രവീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

”കോടതി വിധിയുടെ വിവരം ലഭിച്ചു. അത് അംഗീകരിക്കണം. ഉത്തരവ് വന്നതോടെ രാജിക്ക് പ്രസക്തി ഇല്ലാതായി. നാളെ ഡൽഹി ജാമിയ മിലിയ സർവ്വകലാശാലയിൽ ഹിസ്റ്ററി പ്രൊഫസറായി സ്ഥിരജോലിയിൽ പ്രവേശിക്കും. 2021-ൽ ആയിരുന്നു വിസി പദവിയുടെ ഒന്നാംഘട്ട കാലാവധി അവസാനിച്ചത്. പുനർനിയമനത്തിന്റെ അറിയിപ്പ് അന്നുതന്നെ വന്നു. കോടതിവിധിയില്‍ നിരാശയില്ല. കുറെ കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞു. പല സർവകലാശാലകളിലും വി.സിമാർക്ക് പുനർനിയമനം നൽകിയ ചരിത്രമുണ്ട്. ഇത് ആദ്യ സംഭവമല്ല. ഇക്കാര്യത്തില്‍ വയസും പുനര്‍നിയമനവുമല്ല പ്രശ്നം. തുടരാൻ എന്നോട് ആവശ്യപ്പെട്ടു. എന്നെ പുനർനിയമിച്ചത് ഞാനല്ല. തീരുമാനങ്ങൾ ഒന്നും എടുത്തത് ഞാനല്ല”- എന്നായിരുന്നു കണ്ണൂർ വിസി മാധ്യമങ്ങളോട് പ്രതികരിച്ചത്. വിസി പദവിയിൽ എഴ് വർഷം പ്രവർത്തിച്ചു. സർവകലാശാലക്ക് വേണ്ടി നിരവധി കാര്യങ്ങൾ നടപ്പാക്കാൻ സാധിച്ചു. കുറച്ച് കാര്യങ്ങൾ ബാക്കിയുണ്ടെന്നും ഗോപിനാഥ് രവീന്ദ്രന്‍ വ്യക്തമാക്കി.

ഗോപിനാഥ് രവീന്ദ്രൻ്റെ പുനർനിയമനം ശരിവച്ച ഹൈക്കോടതിയുടെ കുറ്റകരമായ വിധി റദ്ദാക്കുന്നു എന്നാണ് സുപ്രീംകോടതി വിധി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢും ജസ്റ്റിസ് ജെ.ബി. പർദിവാലയും ഉൾപ്പെട്ട ബെഞ്ചാണ് വിസി പുനർനിയമനം ചോദ്യം ചെയ്തുള്ള ഹർജിയിൽ വിധി പറഞ്ഞത്. കണ്ണൂർ വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർക്കാർ സമ്മര്‍ദ്ദത്തിന് വഴങ്ങിയെന്ന് കോടതി ചൂണ്ടിക്കാട്ടി. നിയമനത്തിൽ ബാഹ്യ ഇടപെടൽ പാടില്ലെന്ന രൂക്ഷ വിമർശനമാണ് സംസ്ഥാന സർക്കാരിനെതിരെ കോടതി നടത്തിയത്. സംസ്ഥാന സർക്കാരിൻ്റെ ഇടപെടൽ വിസി നിയമന പ്രക്രിയയെ ദുഷിപ്പിച്ചു. വിസിയുടെ പുനർനിയമനം ചാൻസിലറിൻ്റെ അധികാരമാണെന്നും അതിൽ സർക്കാർ ഇടപെടൽ വന്നുവെന്ന് ബോധ്യപ്പെട്ടതായും കോടതി വ്യക്തമാക്കി. സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഷിനോ. പി. തോമസ് എന്നിർ സമർപ്പിച്ച ഹർജിയിലാണ് വിധി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top