ഡിവൈഎഫ്‌ഐ നേതാവിനെ കാപ്പ ചുമത്തി നാട് കടത്താന്‍ ഉത്തരവ്; ചാലക്കുടിയില്‍ പോലീസ് ജീപ്പ് തല്ലി തകര്‍ത്ത കേസില്‍ പ്രതി

ചാലക്കുടി : എസ്‌ഐ ഉള്‍പ്പെടെ സഞ്ചരിച്ചിരുന്ന ജീപ്പ് തല്ലിത്തകര്‍ത്ത ഡിവൈഎഫ്‌ഐ നേതാവിനെ കാപ്പ ചുമത്തി നാട് കടത്താന്‍ ഉത്തരവ്. ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ് നിധിന്‍ പുല്ലനെയാണ് ആറ് മാസത്തേക്ക് നാട് കടത്താന്‍ ഡിഐജി എസ്.അജിതാ ബീഗം ഉത്തരവിട്ടത്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 22നാണ് നിധിന്‍ പോലീസ് ജീപ്പ് തല്ലി തകര്‍ത്തത്. ചാലക്കുടി ഗവ.ഐടിഐയിലെ വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പുറത്തു നിന്നെത്തിയ നിധിന്റെ നേതൃത്വത്തിലുളള സംഘം പോലീസിനു നേരെ അക്രമം നടത്തുകയായിരുന്നു. പോലീസ് ജീപ്പിന്റെ ബോണറ്റില്‍ കയറി നിന്നാണ് അടിച്ചു തകര്‍ത്തത്. ഇതിന്റെ ദൃശ്യങ്ങളടക്കം പുറത്തു വന്നിരുന്നു.

അന്നുതന്നെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ സിപിഎം നേതാക്കള്‍ പോലീസ് സ്‌റ്റേഷനില്‍ നിന്ന് ബലമായി ഇറക്കി കൊണ്ടു പോവുകയിരുന്നു. പിറ്റേന്ന് സുഹൃത്തിന്റെ വീട്ടില്‍ നിന്നും നിധിന്‍ അറസ്റ്റിലായി. 54 ദിവസത്തെ ജയില്‍വാസത്തിനു ശേഷമാണ് തൃശൂര്‍ സെഷന്‍സ് കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ച് പുറത്തു വന്നത്

സമാനമായ കേസില്‍ പ്രതിയായതിനാലാണ് കാപ്പ ചുമത്താന്‍ പോലീസ് തീരുമാനിച്ചത്. കേസിലെ പോലീസിന്റെ മെല്ലെപോക്കില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. നിധിനെ ബലമായി പോലീസ് സ്‌റ്റേഷനില്‍ നിന്ന് ഇറക്കി കൊണ്ടുപോയ സിപിഎം ഏരിയാ സെക്രട്ടറി അശോകനെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും തുടര്‍ നടപടികളൊന്നും ഉണ്ടായിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top