കാരക്കോണം മെഡിക്കൽ പ്രവേശന അഴിമതിക്കേസിൽ ഇഡി ചോദ്യം ചെയ്യൽ തുടരുന്നു; കോളജ് ഡയറക്ടറും സഭാ സെക്രട്ടറിയും കൊച്ചി ഓഫീസിൽ

കൊച്ചി: സിഎസ്ഐ ദക്ഷിണമേഖല സഭയുടെ കീഴിലുള്ള കാരക്കോണം സോമർവെൽ മെമ്മോറിയൽ മെഡിക്കൽ കോളജ് കോഴക്കേസില്‍ മെഡിക്കല്‍ കോളജ് ഡയറക്ടര്‍ ഡോ.ബെന്നറ്റ് എബ്രഹാം സഭാ സെക്രട്ടറി ടി.ടി പ്രവീണ്‍ എന്നിവരെ എൻഫോഴ്സ് മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുന്നു.

നേരത്തെ ഇരുവരെയും പലതവണ ചോദ്യം ചെയ്തിരുന്നു. മെഡിക്കല്‍ പ്രവേശനത്തിനായി കോഴവാങ്ങിയെന്നും വിദേശനാണയ ചട്ടങ്ങൾ ലംഘിച്ച് കള്ളപ്പണം വെളുപ്പിച്ചതടക്കമുള്ള കേസുകളിലാണ് ഇഡി അന്വേഷണം നടക്കുന്നത്.

500 കോടിയോളം രൂപയുടെ ഇടപാടുകൾ നടന്നു എന്നാണ് പരാതിയിൽ പറയുന്നത്. കേസ് നേരത്തെ ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്നു, ഇതിന് പിന്നാലെയാണ് അന്വേഷണം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഏറ്റെടുത്തത്.

സഭ മുന്‍ മോഡറേറ്റര്‍ ധര്‍മരാജ് റസാലത്തെയും ഇ‍ഡി പലതവണ ചോദ്യം ചെയ്തിരുന്നു. തിരുവനന്തപുരം പാളയത്തുള്ള ബിഷപ്പിന്റെ ആസ്ഥാനത്തും കാരക്കോണം മെഡിക്കൽ കോളജിലും ബെന്നറ്റ് എബ്രഹാമിന്റെ വീട്ടിലടക്കം ഇഡി റെയ്ഡ് നടത്തിയിരുന്നു.

2022 ജൂലൈയിൽ വിലക്ക് ലംഘിച്ച് ഇംഗ്ലണ്ടിലേക്ക് കടക്കാന്‍ ശ്രമിച്ച ബിഷപ്പ് ധര്‍മരാജ് റസാലത്തെ തിരുവനന്തപുരം വിമാനത്താവളത്തില്‍വെച്ച് ഇഡി ഉദ്യോഗസ്ഥർ തടഞ്ഞ് തിരിച്ചയച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് ബിഷപ്പിനെ ഇഡി ചോദ്യം ചെയ്തത്. ഇതിൻ്റെ പിറ്റേന്നാണ് വിദേശത്തേക്ക് കടക്കാൻ ശ്രമിച്ചത്.

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ എക്സാലോജിക് സൊല്യൂഷൻസ് എന്ന കമ്പനിയുമായുള്ള ഇടപാടുകൾ കണ്ടെത്തിയതിനെ തുടർന്ന് കാരക്കോണം മെഡിക്കൽ കോളേജ് മാനേജ്മെന്റിന് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) നോട്ടീസ് അയച്ചിരുന്നു. മൂന്ന് ലക്ഷം രൂപ നൽകിയെന്നും കമ്പിനിയുടെ സര്‍വീസ് തൃപ്തികരമല്ലാത്തതിനാൽ പിന്നീട് സേവനം റദ്ദു ചെയ്തെന്നും നേരത്തെ മാധ്യമ സിൻഡിക്കറ്റിന് നല്‍കിയ അഭിമുഖത്തിൽ സഭാ സെക്രട്ടറി ടി.ടി പ്രവീൺ വ്യക്തമാക്കിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top