വിദ്വേഷ പ്രസംഗം: സ്വമേധയാ കേസ് എടുത്തില്ലെങ്കിൽ മേലുദ്യോഗസ്ഥർക്കെതിരെ നടപടി ഉറപ്പ്, വികസനത്തിന് ക്രമസമാധാനം അനിവാര്യമെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: നട്ടെല്ലുള്ള ഭരണാധികാരികൾ രാജ്യത്ത് ഉണ്ടെങ്കിൽ നിയമങ്ങൾ ശരിയായ രീതിയിൽ നടപ്പിലാക്കാൻ സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഇപ്പോഴും ഇത്തരം പ്രസംഗങ്ങൾ നിരന്തരമായി നടക്കുന്നുണ്ടെന്നതാണ് വസ്തുത. മറ്റൊരു സംസ്ഥാനവും ഇതിനെതിരെ ഇതുവരെ ചെറുവിരൽ പോലും അനക്കിയിട്ടില്ല. എന്നാൽ കർണാടകയിൽ ഇനി ആ രീതി നടക്കില്ലെന്ന ഉറച്ച തീരുമാനമാണ് സിദ്ധരാമയ്യ എടുത്തിരിക്കുന്നത്.

വിദ്വേഷ പ്രസംഗങ്ങൾക്കും സദാചാര പോലീസിങ്ങിനുമെതിരെ സ്വമേധയാ കേസ് എടുക്കാൻ പോലീസിന് കർശന നിർദേശം നൽകിയിരിക്കുകയാണ് കർണാടക മുഖ്യമന്ത്രി. സംസ്ഥാനത്തിന്റെ സമാധാനം നശിപ്പിക്കുന്ന ഒന്നും അനുവദിക്കില്ല. വികസനം ഉണ്ടാകണമെങ്കിൽ ആദ്യം ക്രമസമാധാനം നിലനിർത്തണം. നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കില്ല. അത്തരക്കാർ ഏത് പാർട്ടിയിൽപ്പെട്ടവരായാലും മതവിഭാഗത്തിൽപ്പെട്ടവരായാലും മുഖം നോക്കാതെ നടപടി എടുക്കാൻ പോലീസുകാർക്ക് നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ നടന്ന മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.

ഇതിനുള്ള ആദ്യം നീക്കമാണ് ആജ് തക്ക് ടി വിയുടെ ന്യൂസ് എഡിറ്റർ സുധീർ ചൗധരിക്കെതിരെ എടുത്ത കേസ്. മതസ്പർദ്ധ വളർത്തുന്ന തരത്തിൽ വാർത്ത നൽകിയെന്ന പേരിലാണ് കേസ് എടുത്തത്. അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ താത്കാലികമായി കർണാടക ഹൈക്കോടതി തടഞ്ഞെങ്കിലും കേസ് നിലനിൽക്കുമെന്ന് കോടതി നിരീക്ഷിച്ചു. സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗക്കാർക്കെതിരെ ഭൂരിപക്ഷ വിഭാഗത്തിനുള്ളിൽ വിദ്വേഷം ഉണ്ടാക്കുന്ന വാർത്ത നൽകിയിട്ടുണ്ടെന്നും പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കുമെന്നും ഉത്തരവിൽ പറയുന്നു. പ്രതിപക്ഷ പാർട്ടികളുടെ സഖ്യം ബഹിഷ്കരിക്കാൻ തീരുമാനിച്ച മാധ്യമപ്രവർത്തകരിൽ ഒരാളാണ് സുധീർ ചൗധരി.

മുസ്ലിം വിഭാഗം ഉൾപ്പെടുന്ന ന്യൂനപക്ഷത്തിന് വാഹന സബ്‌സിഡി നൽകുന്നുവെന്ന തരത്തിലാണ് ആജ് തക്ക് വാർത്ത നൽകിയത്. പാവപ്പെട്ട ഹിന്ദുകൾക്ക് വാഹനം വാങ്ങാൻ പണമില്ല, ന്യൂനപക്ഷത്തിന് എത്ര പണമുണ്ടെങ്കിലും സബ്‌സിഡി നൽകുമെന്നാണ് സുധീർ ചൗധരി പരാമർശിച്ചത്. എന്നാൽ കഴിഞ്ഞ ബിജെപി സർക്കാർ കൊണ്ടുവന്ന ഈ പദ്ധതിയിൽ ഹിന്ദു വിഭാഗത്തിലെ പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരും ഉൾപെടുന്നുണ്ടെന്നും വാർത്ത വസ്തുതാവിരുദ്ധമാണെന്നും കാണിച്ച് ന്യൂനപക്ഷ കോർപറേഷനിലെ ഒരു ഉദ്യോഗസ്ഥനാണ് പരാതി നൽകിയത്. വാർത്ത ഇതുവരെ പിൻവലിക്കാൻ ചാനൽ തയ്യാറായിട്ടുമില്ല. ഇക്കഴിഞ്ഞ 13നാണ് സുധീർ ചൗധരിക്കെതിരെ ഐപിസി 505, 153 വകുപ്പുകൾ പ്രകാരം വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് കേസ് എടുത്തത്.

2020 ജനുവരി മുതൽ 2023 ജനുവരി വരെ 105 വിദ്വേഷ പ്രസംഗ കേസുകളാണ് കർണാടകയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നാണ് റിപ്പോർട്ട്. ഇതിൽ 50 ശതമാനവും ബെംഗളൂരുവിലാണ്. 2021ലേക്കാൾ ഇരട്ടി കേസുകളാണ് 2022ൽ രജിസ്റ്റർ ചെയ്തത്. വർധിച്ചുവരുന്ന കേസുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ പല മനുഷ്യാവകാശ സംഘടനകളും വിദ്യാർത്ഥി സംഘടനകളും ഉൾപ്പെടെ ബോധവൽക്കരണ പരിപാടികൾ നടത്തുന്നുമുണ്ട്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് സർക്കാരിന്റെ ശക്തമായ നീക്കം.

സംസ്ഥാനത്തെ ക്രമസമാധാനത്തിൽ ഒരുരീതിയിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി. ഇത്തരം കേസുകൾ രജിസ്റ്റർ ചെയ്യാതെ പോയാൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട് . മുൻപ് ജൂനിയർ പോലീസ് ഉദ്യോഗസ്ഥർക്കെതിരെയായിരുന്നു നടപടിയെങ്കിൽ ഇനിമുതൽ ഇതിന്റെ ഉത്തരവാദിത്തം ഡെപ്യൂട്ടി കമ്മിഷണർമാർക്കും പോലീസ് സൂപ്രണ്ടുമാർക്കും ആയിരിക്കും. വിഷയം കൂടുതൽ ഗൗരവമായി സർക്കാർ ഏറ്റെടുത്തിരിക്കുന്നതിന്റെ ദൃഷ്ടാന്തം കൂടിയാണ് ഈ തീരുമാനം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top