ഏഴ് കോടിയുടെ തട്ടിപ്പ്; കാരക്കോണം മെഡിക്കൽ കോളജ് എംഡി ഡോ. ബെനറ്റിനെ തേടി കർണാടക പോലീസ്; ഉരുണ്ട് കളിച്ച് അറസ്റ്റ് ഒഴിവാക്കി കേരള പോലീസ്

കാരക്കോണം മെഡിക്കൽ കോളജ് മാനേജിംഗ് ഡയറക്ടർ ഡോ. ബെനറ്റ് ഏബ്രഹാമിനെ അറസ്റ്റ് ചെയ്യാൻ കർണാടക പോലീസ് എത്തി. കർണാടക സ്വദേശി സെബാസ്റ്റ്യന്‍ അബ്ദുൽ ഗഫൂറിന്‍റെ പക്കൽ നിന്ന് ഏഴു കോടി രൂപ വാങ്ങി കബളിപ്പിച്ചുവെന്നാണ് കേസ്.
സിഎസ്ഐ സഭയുടെ ഉടമസ്ഥതയിലുള്ള കാരക്കോണം സോമർവെൽ മെഡിക്കൽ കോളജിലെ വിദ്യാർത്ഥി പ്രവേശനവുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് വിവിധ പോലീസ് സ്‌റ്റേഷനുകളിലുള്ളത്. വെള്ളറട പോലീസ് സ്റ്റേഷൻ പരിധിയിലാണ് കാരക്കോണം മെഡിക്കൽ കോളജ് സ്ഥിതി ചെയ്യുന്നത്. വെള്ളറട പോലീസ് വേണ്ട പിന്തുണ നല്കാത്തതു കൊണ്ട് അറസ്റ്റു നടന്നില്ല. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് അറസ്ററിന് സാഹചര്യമൊരുക്കാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു വെള്ളറട പോലീസ്. കർണാടകയിലെ മല്ലേശ്വര പോലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
കാരക്കോണം മെഡിക്കൽ കോളജ് അഡ്മിഷനുമായി ബന്ധപ്പെട്ട നിരവധി കേസുകളിൽ ഡോ. ബെന്നറ്റ് പ്രതിയാണ്. സഭയുടെ മുൻ മോഡറേറ്ററും ദക്ഷിണ കേരള മഹായിടവക ബിഷപ്പും മോഡറേറ്ററുമായിരുന്ന ധർമ്മരാജ് റസാലവും അഡ്മിഷൻ കേസുകളിൽ പ്രതിയാണ്.
2009ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ ഇടത് സ്ഥാനാർത്ഥിയായിരുന്നു. കോൺഗ്രസ് സ്ഥാനാർത്ഥി ശശി തരൂരിനോട് 99998 വോട്ടുകൾക്ക് പരാജയപ്പെട്ടു. നിരവധി തട്ടിപ്പ് കേസുകളിൽ പ്രതിയായിട്ടും ഇടത് സ്വാധീനമുപയോഗിച്ച് കേസുകളിൽ നിന്ന് രക്ഷപ്പെട്ട് നിൽക്കുകയാണ് ബെനറ്റും കൂട്ടരും .

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here