ഷെറിന്‍ ജയിലില്‍ കഴിഞ്ഞത് 13 വര്‍ഷവും 9 മാസവും മാത്രം; ആദ്യ അപേക്ഷ പരിഗണിച്ച് ശിക്ഷാ ഇളവ്; ജയില്‍ റിപ്പോര്‍ട്ട് എല്ലാം മറച്ചുവച്ച്

കാരണവര്‍ വധക്കേസ് പ്രതി ഷെറിനെ ജയിലിന് പുറത്തെത്തിക്കാനുള്ള എല്ലാ നീക്കങ്ങള്‍ക്കും അസാധാരണമായ അതിവേഗം. ശിക്ഷാ കാലാവധി കഴിഞ്ഞതിന് തൊട്ടു പിന്നാലെ തന്നെ വിടുതലിന് അപേക്ഷ നല്‍കുന്നു. അതിനു ശേഷം ചേര്‍ന്ന ആദ്യ ജയില്‍ ഉപദേശക സമിതി തന്നെ ഈ അപേക്ഷ അംഗീകരിച്ച് ജയില്‍മമോചനത്തിന് ശുപാര്‍ശ ചെയ്യുകയും ചെയ്തു. ഇതൊന്നും ഇന്നുവരെ കേരളത്തില്‍ നടന്നിട്ടില്ലാത്ത കാര്യങ്ങളാണ്. സിപിഎം നേതാക്കളായ കെകെ ലതിക, കെഎസ് സലീഖ, എം.വി സരള എന്നിവരാണ് ഷെറിന്റെ അപേക്ഷ പരിഗണിച്ച ജയില്‍ ഉപദേശക സമിതിയിലെ സര്‍ക്കാര്‍ പ്രതിനിധികള്‍.

ഒരു ജയില്‍പുള്ളിയെ വിട്ടയക്കാന്‍ പോലീസിന്റേയും ജയില്‍ വകുപ്പിന്റേയും അനുകൂല റിപ്പോര്‍ട്ട് വേണം. ജയിലില്‍ കഴിയുന്ന സമയത്ത് നാലു തവണ പെരുമാറ്റ ദൂഷ്യത്തിന്റെ പേരില്‍ ജയില്‍മാറ്റിയ ആളാണ് ഷെറിന്‍. ജയില്‍ ഉദ്യോഗസ്ഥരോട് മോശമായി പെരുമാറല്‍, മൊബൈല്‍ ഉപയോഗം തുടങ്ങി നിരവധി ആരോപണങ്ങള്‍ ഷെറിനെതിരെ ജയിലില്‍ ഉയര്‍ന്നിരുന്നു. ഇതൊന്നും പക്ഷേ ജയില്‍ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നില്ല. നല്ല സ്വഭാമുള്ള പുളളിയായാണ് ഷെറിനെ അവതരിപ്പിച്ചത്. ഇതോടെ മോചനം അതിവേഗം ഉറപ്പിച്ചു.

2009 നവംബര്‍ 9 നാണ് ഭാസ്‌കര കാരണവര്‍ കൊല്ലപ്പെടുന്നത്. നവംബര്‍ 12 മുതല്‍ ഷെറിന്‍ പോലീസ് കസ്റ്റഡിയിലും ജയിലിലുമാണ്. ഇതുപ്രകാരം ജീവപര്യന്തം ശിക്ഷയുടെ ഏറ്റവും കുറഞ്ഞ കാലയളവായ 14 വര്‍ഷം 2023 നവംബര്‍ 12 ന് പൂര്‍ത്തിയായി. ഇതുകഴിഞ്ഞ് 9 മാസങ്ങള്‍ക്ക് ഉള്ളില്‍ തന്നെ ജയില്‍ മോചന നീക്കങ്ങളും തുടങ്ങി. ശിക്ഷ അനുഭവിച്ച കാലഘട്ടത്തില്‍ 452 ദിവസം ഷെറിന് പരോള്‍ ലഭിച്ചിരുന്നു. ഇതുകൂടി കണക്കിലെടുത്താല്‍ 13 വര്‍ഷവും 9 മാസവും മാത്രമാണ് ഷെറിന്‍ ജയിലില്‍ കഴിഞ്ഞത്.

രാഷ്ട്രീയ തടവുകാര്‍ക്ക് പോലും ലഭിക്കാത്ത പരിഗണനയാണ് ഒരു വയോധികനെ കൊലപ്പെടുത്തിയ ഷെറിന് പിന്നില്‍ ലഭിച്ചിരിക്കുന്നത് എന്നത് വ്യക്തമാണ്. ഇതിനു പിന്നിലെ കാരണമാണ് കേരളം മുഴുവന്‍ തിരയുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top