കാരാട്ട് റസാഖും അന്‍വറിന്റെ വഴിയേ; സിപിഎമ്മിന് അന്ത്യശാസനം; പൊട്ടിത്തെറിച്ചത് മന്ത്രി റിയാസിന് എതിരെ
പി.വി.അന്‍വറിന് പിന്നാലെ കൊടുവള്ളി മുന്‍ എംഎല്‍എ കാരാട്ട് റസാഖും സിപിഎമ്മുമായി ഇടയുന്നു. മന്ത്രി പി.എ.മുഹമ്മദ് റിയാസിനെതിരെ പ്രതികരിച്ചാണ് റസാഖ് രംഗത്തെത്തിയത്. റിയാസ് പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യുന്നു എന്നാണ് റസാഖ് ആരോപിച്ചത്.
കൊടുവള്ളിയില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ റിയാസ് ഗൂഡാലോചന നടത്തി. മണ്ഡലത്തിലെ തന്റെ വികസന പദ്ധതികള്‍ മന്ത്രി അട്ടിമറിച്ചു. ഇതുമായി ബന്ധപ്പെട്ട് ലോക്കല്‍ ഏരിയാ കമ്മിറ്റികള്‍ക്ക് പരാതി നല്‍കിയിരുന്നു. മൂന്ന് വര്‍ഷമായി ഒരു മറുപടിയും പാര്‍ട്ടി തന്നിട്ടില്ല. പത്ത് ദിവസം കാത്തിരിക്കും. പാര്‍ട്ടി തീരുമാനം അറിഞ്ഞ ശേഷം നിലപാട് അറിയിക്കുമെന്നും റസാഖ് പറഞ്ഞു.
“സിപിഎം നേതൃത്വത്തോടോ മുഖ്യമന്ത്രിയോടോ അഭിപ്രായ വ്യത്യാസമില്ല. ലോക്കല്‍ നേതൃത്വമാണ് പ്രശ്നം. പി.വി.അന്‍വറിനൊപ്പം പോകുന്നത് ആലോചിച്ചിട്ടില്ല. ഇപ്പോഴും ഇടതു സഹയാത്രികനാണ്. നിരവധി യുഡിഎഫ് പ്രവര്‍ത്തകര്‍ അന്‍വറിനെ കണ്ടശേഷം പിന്തുണയുമായി വന്നു. മദ്രസ ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയാൽ സ്ഥാനം ഒഴിയും. കാറിൽ നിന്ന് ബോർഡ് നീക്കിയിട്ടുണ്ട്. ” റസാഖ് പറഞ്ഞു.
കാരാട്ട് റസാഖ് അന്‍വറിനൊപ്പം ചേരുമെന്നാണ് സൂചനകള്‍. ഇന്നലെ ചേലക്കരയില്‍ എത്തിയ റസാഖ് അന്‍വറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതില്‍ സിപിഎമ്മിനുള്ളില്‍ കടുത്ത എതിര്‍പ്പ് നിലനില്‍ക്കുന്നുണ്ട്. ഈ ഘട്ടത്തില്‍ തന്നെയാണ് റസാഖ് മന്ത്രി റിയാസിന് എതിരെ രംഗത്തുവന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here