സെയ്ഫിനെ കുത്തിയത് വീട്ടിൽ ഉണ്ടായിരുന്നയാൾ!! പുറത്തേക്ക് ഓടിയ കരീനയുടെ ദൃശ്യം സിസിടിവിയിൽ; സംശയനിഴൽ നടൻ്റെ സ്റ്റാഫിലേക്കും

വീട്ടിൽ നടന്ന മോഷണശ്രമത്തിനിടയിൽ ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേൽക്കുന്നതിൻ്റെ സിസിടിവി വീഡിയോ പുറത്ത്. ഒന്നിലധികം തവണ താരത്തിന് കുത്തേറ്റതായി ദൃശ്യങ്ങളിൽ കാണാം. സെയ്ഫ് അലി ഖാൻ്റെ ഭാര്യയും നടിയുമായ കരീന കപൂർ ബാന്ദ്രയിലെ വീടിന് പുറത്തേക്ക് ഓടി വരുന്നതും ജീവനക്കാരുമായി സംസാരിക്കുന്നതുമായ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

കരീന നല്ല രീതിയിൽ ഭയന്നിട്ടുണ്ടെന്ന് വീഡിയോ വ്യക്തമാക്കുന്നു. തൻ്റെ ഫോണിൽ കരീന പരതുന്നതും ജീവനക്കാർക്ക് നിർദേശം നൽകുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് നടൻ ആക്രമിക്കപ്പെട്ടത്. കുട്ടികളുടെ മുന്നിലിട്ടായിരുന്നു താരത്തെ മോഷ്ടാക്കൾ കുത്തി പരുക്കേൽപ്പിച്ചത്.

താരത്തിന് ആറ് തവണയാണ് കുത്തേറ്റത്. അതിൽ രണ്ടെണ്ണം ആഴത്തിലുള്ളതാണ്.
ഇവ കഴുത്തിലും നട്ടെല്ലിനോട് ചേർന്നുമാണ്. നടനെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സെയ്ഫ് അലി ഖാനെ ഇതിനകം ന്യൂറോ സർജറിക്ക് വിധേയമാക്കിയിട്ടുണ്ട്. ആരോഗ്യനില തൃപ്തികരമാണെന്നും ഉടൻ താരത്തെ കോസ്മെറ്റിക് സർജറിക്ക് വിധേയനാക്കുമെന്നും ആശുപത്രി അധികൃതർ പറഞ്ഞു.

വീട്ടിൽ മേഷണശ്രമം നടന്നതായും കുടുംബത്തിലെ മറ്റുള്ളവർ സുഖമായിരിക്കുന്നുവെന്ന് കരീന കപൂർ അറിയിച്ചു. താരത്തിൻ്റെ ജീവനക്കാരിൽ ഒരാളുടെ ബന്ധുവാണ് മോഷ്ടാവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. നടൻ്റെ അഞ്ച് ജീവനക്കാരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. പ്രതിയെ പിടികൂടാനായിട്ടില്ലെന്നും ഉടൻ അതിന് കഴിയുമെന്നും പോലീസ് അറിയിച്ചു.

ബാന്ദ്ര പോലീസിൻ്റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. അക്രമി നേരത്തേ വീട്ടിൽ കയറി ഒളിച്ചിരിക്കുകയായിരുന്നു എന്നാണ് പോലീസിൻ്റെ നിഗമനം. അപകടം നടക്കുന്നതിന് മുമ്പ് രണ്ട് മണിക്കൂറിനിടയിൽ ഇങ്ങനെ ഒരാൾ വീട്ടിനുള്ളിൽ കയറുന്നതായിട്ടുള്ള ദൃശ്യങ്ങൾ പോലീസിന് കണ്ടെത്താനായിട്ടില്ല. ഇതാണ് അക്രമി നേരത്തെ വീടിനുള്ളിൽ കടക്കാൻ സാധ്യതയുണ്ട് എന്ന സംശയത്തിന് ആഴം കൂട്ടുന്നത്. സെയ്ഫ് അലി ഖാനെ കൂടാതെ അദ്ദേഹത്തിൻ്റെ ജീവനക്കാരിയായ ഒരു വനിതയ്ക്കും പരുക്കേറ്റതായി പോലീസ് അറിയിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ ചികിത്സയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്തുവെന്നും പോലീസ് കൂട്ടിച്ചേർത്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top