കരിപ്പൂര്‍ വഴി സ്വര്‍ണ്ണക്കടത്തിന് ഒത്താശ; സിഐഎസ്എഫ് അസിസ്റ്റന്റ് കമാന്‍ഡന്റ് നവീൻ പൊലീസ് കസ്റ്റഡിയിൽ

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിലൂടെയുള്ള സ്വർണ്ണക്കടത്തിന് ഒത്താശ ചെയ്ത സിഐഎസ്എഫ് അസിസ്റ്റന്റ് കമാന്‍ഡന്റ് നവീൻ പൊലീസ് കസ്റ്റഡിയിൽ. നവീനെ കൊണ്ടോട്ടി ഡിവൈഎസ്പിയുടെ ഓഫീസിൽ എത്തിച്ചിട്ടുണ്ട്. ചോദ്യം ചെയ്യല്‍ ഉടന്‍ നടക്കും. ഇയാളുടെ ഫ്ലാറ്റിൽ കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയിരുന്നു. ഇതിന് ശേഷമാണ് കസ്റ്റഡിയിലെടുത്തത് നവീനിനെതിരെ പൊലീസ് അഴിമതി നിരോധന നിയമ പ്രകാരം കേസ് എടുത്തിരുന്നു. കസ്റ്റംസിലെ ഒരു ഉദ്യോഗസ്ഥനും സംഭവത്തിൽ പങ്കുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

സ്വര്‍ണ്ണക്കടത്ത് ബന്ധം പുറത്ത് വന്നതിനെ തുടര്‍ന്ന് നവീന്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ആഴ്ച വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്ത് വന്നവരിൽ നിന്നും സ്വർണ്ണം പിടികൂടിയ സംഭവത്തിൽ നടത്തിയ അന്വേഷണമാണ് ഉന്നത ഉദ്യോഗസ്ഥരിലേക്ക് നീണ്ടത്. കേസിൽ അറസ്റ്റിലായ വിമാനത്താവളത്തിലെ ലഗേജ് കൈകാര്യം ചെയ്യുന്ന ജീവനക്കാരൻ ഷറഫലിയുടെ ഫോണിൽ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി ലിസ്റ്റ് കണ്ടെത്തി. ഇത് അയച്ചു കൊടുത്തത് സിഐഎസ്എഫ് അസിസ്റ്റന്റ് കമാണ്ടന്റ് ആണെന്ന് വ്യക്തമായതോടെയാണ് അന്വേഷണം ഇയാളിലേക്ക് നീങ്ങിയത്.

ഷറഫലിയാണ് സ്വര്‍ണ്ണക്കടത്തിന്‍റെ എണ്ണത്തിന് അനുസരിച്ച് 60000 രൂപ വീതം നവീന് എത്തിച്ചു നല്‍കിയിരുന്നത്. 55000 രൂപ നവീന്‍ എടുത്ത ശേഷം 5000 രൂപ വീതം ഷറഫലിക്ക് കൈമാറുകയാണ് പതിവ്. നവീന്‍റെ വീട്ടില്‍ വച്ചോ ഷറഫലിയുടെ ജിമ്മില്‍ വച്ചോ സിഡിഎം വഴിയോ പണം കൈപ്പറ്റുകയാണ് രീതി.

ഓരോ തവണ സ്വർണ്ണം കടത്തുന്നതിനും ഇയാൾ പണം കൈപ്പറ്റിയെന്നാണ് പൊലീസ് പറയുന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. കരിപ്പൂര്‍ വഴി സ്വര്‍ണം കടത്താന്‍ സഹായിച്ച ഉദ്യോഗസ്ഥര്‍ക്ക് 60000 രൂപ വീതം പ്രതിഫലം നല്‍കിയിരുന്നതായുള്ള തെളിവുകള്‍ പുറത്തുവന്നിരുന്നു. നവീനിന്‍റെ നിര്‍ദേശപ്രകാരം 6.35 ലക്ഷം രൂപ ഡല്‍ഹിയിലെത്തിച്ച് നല്‍കിയതായും കേസന്വേഷിക്കുന്ന മലപ്പുറം പൊലീസിന് മൊഴി ലഭിച്ചിരുന്നു. പണം കൈമാറാന്‍ രഹസ്യകോഡു പോലും നവീന്‍ കൈമാറിയിരുന്നുവെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതാണ് നവീന്‍ പിടിക്കപ്പെടാന്‍ ഇടയാക്കിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top