കരിപ്പൂരില്‍ 56 ലക്ഷത്തിന്റെ സ്വര്‍ണം പിടിച്ചു; കടത്തുകാരനും കവര്‍ച്ചാ സംഘവും പിടിയിലായി; കസ്റ്റംസിനെ വെട്ടിച്ചെത്തിച്ച സ്വര്‍ണം പോലീസ് പിടിച്ചത് അതി സാഹസികമായി

മലപ്പുറം: ഖത്തറില്‍നിന്ന് കേരളത്തിലേക്കു കടത്തിയ 56 ലക്ഷത്തിന്റെ സ്വര്‍ണവും കടത്തിയ ആളും കവര്‍ച്ചാ സംഘവും പോലീസ് പിടിയിലായി. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.ശശിധരന് ലഭിച്ച രഹസ്യവിവരമാണ് സ്വര്‍ണം കടത്ത് പൊളിയാനും കവര്‍ച്ചാ സംഘം അകത്താകാനും കാരണമായത്.
ലബീബ് എന്ന യാത്രക്കാരന്‍ സ്വര്‍ണം കടത്തി കൊണ്ട് വരുന്നുണ്ടെന്നും അത് കവര്‍ച്ച ചെയ്യാന്‍ ഒരു ക്രിമിനല്‍ സംഘം വിമാനത്താവള പരിസരത്ത് നിലയുറപ്പിച്ചിട്ടുണ്ടെന്നുമാണ് വിവരം ലഭിച്ചത്. കടത്തുന്ന ആളുടെ അറിവോടെയാണ് കവര്‍ച്ചാസംഘം എത്തിയതെന്ന വിവരവും പോലീസിനു ലഭിച്ചു. സ്വര്‍ണം കടത്തിയ ലബീബിനൊപ്പം കവര്‍ച്ചാ സംഘത്തിലുള്ള നിധിന്‍ (26), അഖിലേഷ് (26), മുജീബ്, അജ്മല്‍ (36), മുനീര്‍ (34), നജീബ് (45)എന്നിവരാണ് പിടിയിലായത്.
വിമാനത്താവളത്തിലേക്കുള്ള പ്രവേശന കവാടത്തിൽ കണ്ട കണ്ണൂര്‍ പാനൂര്‍ സ്വദേശികളായ നിധിന്‍ (26), അഖിലേഷ് (26), മുജീബ് എന്നിവരെയാണ് ആദ്യം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരില്‍ നിന്നാണ് വിമാനത്താവളത്തിനു പുറത്ത് കാറിനുള്ളിലുള്ളവരെ കുറിച്ച് പോലീസിനു വിവരം ലഭിച്ചത്. സ്വര്‍ണം കടത്തിയ ലബീബ് കസ്റ്റഡിയിലായതോടെ അപകടം മണത്ത കവര്‍ച്ചാസംഘത്തിലെ മൂന്ന് പേര്‍ പദ്ധതി ഉപേക്ഷിച്ച് കാറില്‍ കടന്നു. ഇവരെ പിന്തുടര്‍ന്ന പൊലീസ് കണ്ണൂര്‍ ചൊക്ലിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ ഫസലാണ് സ്വര്‍ണവുമായി വരുന്ന യാത്രക്കാരന്‍റെ വിവരങ്ങള്‍ കവര്‍ച്ചാ സംഘത്തിന് കൈമാറിയത്. തുടര്‍ന്ന് പാനൂര്‍ സ്വദേശി അജ്മലിന്റെ നേതൃത്വത്തില്‍ രണ്ട് കാറുകളിലായി 6 പേരടങ്ങുന്ന സംഘം കരിപ്പൂര്‍ വിമാനത്താവളത്തിലെത്തുകയായിരുന്നു. കവര്‍ച്ചാ സംഘത്തിലുള്‍പ്പെട്ട അഖിലേഷ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. വയനാട് മീനങ്ങാടി സ്റ്റേഷന്‍ പരിധിയില്‍ ഒന്നര കോടി രൂപ കവര്‍ച്ച ചെയ്ത ഹൈവേ മോഷണ കേസില്‍ അറസ്റ്റിലായി ഉപാധികളോടെ കോടതി ജാമ്യത്തില്‍ വിട്ടയച്ചതാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here