കരിവന്നൂരില്‍ സർക്കാർ നിലപാട് അപഹാസ്യമാകുന്നു; 125.84 കോടിയുടെ സ്ഥാനത്ത് സഹകരണ വകുപ്പ് കണ്ടു കെട്ടിയത് വെറും 4449 രൂപ മാത്രം
തൃശൂർ: കേരള സഹകരണ ബാങ്ക് ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പ് എന്ന് പ്രതിപക്ഷം ആരോപിക്കുന്ന കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ നാണംകെട്ട് സംസ്ഥാന സർക്കാർ. റവന്യൂ റിക്കവറി നടപടികൾ തീരുമാനിച്ച തട്ടിപ്പുകേസിൽ പ്രതികളിൽനിന്ന് ഇതുവരെ തിരിച്ചുപിടിച്ചത് 4449 രൂപമാത്രം. കരുവന്നൂരിൽ ഇഡി 150 കോടി രൂപയുടെയും ക്രൈംബ്രാഞ്ച് 300 കോടിയോളം രൂപയുടെയും ക്രമക്കേട് കണ്ടെത്തിയപ്പോൾ അതിനെ തള്ളുന്ന നിലപാടാണ് സഹകരണ വകുപ്പ് തീരുമാനിച്ചത്. 125.84 കോടി മാത്രമാണ് തട്ടിപ്പ് നടന്നത് എന്നാണ് സഹകരണ വകുപ്പ് പറയുന്നത്. നിയമസഭയിൽ മന്ത്രി വിഎൻ വാസവനാണ് ഒരു ചോദ്യത്തിനുത്തരമായി തിരിച്ചുപിടിച്ച തുക വെളിപ്പെടുത്തിയത്. 25 പേരിൽനിന്നാണു 125.83 കോടി രൂപ ഈടാക്കേണ്ടത്.
മുൻ സെക്രട്ടറിയും മുൻ മാനേജറും മുൻ അക്കൗണ്ടന്റുമടങ്ങുന്ന 5 ജീവനക്കാരിൽ നിന്നും ഒപ്പം 20 മുൻ ഭരണസമിതി അംഗങ്ങളെയും പ്രതികളാക്കി ഇവരിൽനിന്ന് 125.84 കോടി തിരിച്ചുപിടിക്കാനായിരുന്നു സഹകരണ വകുപ്പ് തീരുമാനം. എന്നാൽ ഇതിൽ ഇരുപത്തിയഞ്ചാം പ്രതിയായ കെഎം മോഹനനാണ് തിരിച്ചടക്കാൻ നിർദേശിച്ച 4449 രൂപ അടച്ചത്. ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് ബാങ്കിലെ വളം ഡിപ്പോയിലെ ജീവനക്കാരനായിരുന്ന മോഹനനെ ജോലിയിൽ നിന്നും പുറത്താക്കിയിരുന്നു.
റവന്യൂ റിക്കവറി നടപടികളുടെ ഭാഗമായി ഓരോരുത്തരിൽനിന്നും ഈടാക്കേണ്ട തുകകൾ സഹകരണ ജോയിൻ്റ് രജിസ്ട്രാർ നേരത്തെ കണക്കാക്കി നൽകിയിരുന്നു. ഉദ്യോഗസ്ഥരെ നിയോഗിച്ച് റവന്യൂ റിക്കവറി നടപടികളിലേക്ക് ജില്ലാ കളക്ടർ കടന്നുവെങ്കിലും മാനേജർ ബിജു കരീമിന്റെ മാത്രം പേരിനുമാത്രമുള്ള വസ്തുക്കളിലാണ് നിലവില്‍ ജപ്തി നടപടികൾ കൈകൊണ്ടിരിക്കുന്നത്.
ഇതിനിടയിൽ സഹകരണ ബാങ്ക് സെക്രട്ടറി സുനിൽകുമാറിന് പിന്നാലെ മറ്റുള്ളവരും ഹൈക്കോടതിയെ സമീപിച്ച് ജപ്തിക്ക് സ്റ്റേ വാങ്ങി. 19 പേരാണു കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയത്. എന്നാൽ സർക്കാരിൽ നൽകിയിട്ടുള്ള അപ്പീലിൽ തീർപ്പാകുന്നതുവരെ മാത്രമാണു റവന്യു റിക്കവറി നടപടി കോടതി തടഞ്ഞിട്ടുള്ളത്. അപ്പീലിൽ സമയബന്ധിതമായി തീർപ്പുണ്ടാക്കുമെന്നും നിയമസഭയിൽ മന്ത്രി വാസവന്‍ പറഞ്ഞിരുന്നു. റവന്യു റിക്കവറി റിപ്പോർട്ട് കൃത്യസമയത്തു സമർപ്പിക്കുന്നതിൽ ഉദ്യോഗസ്ഥർക്കു വീഴ്ച സംഭവിച്ചോ എന്നു പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. എന്നാൽ ഒരു നടപടിയും ഇതുവരെ സർക്കാർ കൈക്കൊണ്ടിട്ടില്ല. എന്നാൽ പണം തിരിച്ചുപിടിക്കേണ്ടവരുടെ പട്ടികയിൽനിന്ന് ഇഡി അറസ്റ്റ് ചെയ്ത പിപി കിരണിനെയും സൂപ്പർമാർക്കറ്റിന്റെ ചുമതലയുണ്ടായിരുന്ന റെജി അനിലിനെയും ഒഴിവാക്കി. അതേസമയം, ക്രൈംബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് കോടതി ബിജു കരീം, ജിൽസ്, ബിജോയ്, റെജി അനിൽകുമാർ എന്നിവരുടെ വാഹനങ്ങളും ഭൂമിയുമടക്കം കണ്ടുകെട്ടാൻ ഉത്തരവിട്ടെങ്കിലും ഇതിന്റെ തുക സർക്കാറിലേക്ക് വരവുവെച്ചിട്ടില്ല എന്ന് മാത്രമല്ല ബാക്കി നടപടി ക്രമങ്ങളിലേക്ക് ഒരു ചെറുവിരൽ പോലും അനക്കിയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here