നെറ്റിയിൽ പിസ്റ്റൾ അമര്‍ത്തിവച്ചശേഷം ബാങ്കില്‍ നിന്നും കവര്‍ന്നത് 12 കോടിയും സ്വര്‍ണവും; അന്വേഷണം കേരളത്തിലേക്കും
പട്ടാപ്പകല്‍ നടന്ന ബാങ്ക് കൊള്ളയുടെ ഞെട്ടലില്‍ മംഗളൂരു. മുഖ്യമന്ത്രി സിദ്ധരാമയ്യ ജില്ലയില്‍ ഉള്ളപ്പോഴാണ് 12 കോടിയോളം രൂപയും സ്വര്‍ണവും കൊട്ടേക്കാറിലെ സഹകരണ ബാങ്കില്‍ നിന്നും കവര്‍ന്നത്. ബാങ്ക് ജീവനക്കാരെ തോക്കിന്‍മുനയില്‍ നിര്‍ത്തിയാണ് പകല്‍ക്കൊള്ള നടന്നത്.
നെറ്റിയിൽ പിസ്റ്റൾ വച്ച ശേഷമാണ് ലോക്കര്‍ തുറപ്പിച്ചത്. മുഖംമൂടി അണിഞ്ഞ് കാറില്‍ വന്ന സംഘം മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ വന്ന കാറില്‍ സ്ഥലം വിടുകയും ചെയ്തു. പോലീസ് ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിച്ച് സിദ്ധരാമയ്യ കവര്‍ച്ചക്കാരുടെ സംഘത്തെ ഉടന്‍ പിടികൂടണം എന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ബാങ്കിലെ സിസിടിവി അറ്റകുറ്റപ്പണിക്കായി അഴിച്ചുവച്ച സമയത്താണ് കവർച്ച നടന്നത്. ഇത് പോലീസ് കണക്കിലെടുത്തിട്ടുണ്ട്. ബാങ്കുമായി അടുപ്പമുള്ളവര്‍ കവര്‍ച്ചയ്ക്ക് പിന്നിലുണ്ട് എന്ന സംശയം പ്രബലമാകാനുള്ള ഒരു കാരണം ഇതാണ്. കാറിൽ തലപ്പാടി ഭാഗത്തേക്ക് ആണ് ഇവര്‍ പോയത്.
കേരളത്തിലേക്ക് കടക്കാനുള്ള നീക്കത്തിന്റെ ഭാഗമെന്ന് പോലീസ് സംശയിക്കുന്നതിനാല്‍ അന്വേഷണം കേരളത്തിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here