47 കോടി രൂപയുടെ തട്ടിപ്പ്; മൂന്ന് കോടി കൈക്കൂലി വാങ്ങി; ബിജെപി മുന്‍ എംഎല്‍സിക്ക് എതിരെ കുറ്റപത്രം

കര്‍ണാടക ബിജെപി മുൻ എംഎൽസി ഡി.എസ്.വീരയ്യയ്ക്ക് എതിരെ അഴിമതിക്കേസിൽ കുറ്റപത്രം. ദേവരാജ് അർസ് ട്രക്ക് ടെർമിനൽ കോർപറേഷനിലെ 47 കോടി രൂപയുടെ ഫണ്ട് തട്ടിപ്പു കേസിൽ വീരയ്യയ്ക്ക് എതിരെ സിഐഡി വിഭാഗമാണു കുറ്റപത്രം സമർപ്പിച്ചത്. ടെർമിനൽ വികസനത്തിന് ടെൻഡർ വിളിക്കാതെ അനുമതി നൽകി. ഇതിനായി 3 കോടി രൂപ കൈക്കൂലി വാങ്ങിയെന്നുമാണു കേസ്.

ഈ കേസിൽ കോർപറേഷൻ മുൻ ചെയർമാൻ കൂടിയായ വീരയ്യ ജൂലായില്‍ അറസ്റ്റിലായിരുന്നു. കൈക്കൂലി പണം ഉപയോഗിച്ച് 4 പ്ലോട്ടുകൾ വാങ്ങിയതിനും തെളിവു ലഭിച്ചിരുന്നു. വീരയ്യയ്‌ക്കെതിരെ ക്രിമിനൽ ഗൂഢാലോചന, വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങി വിവിധ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ഫണ്ട് തട്ടിപ്പ് നടക്കുമ്പോള്‍ കോർപറേഷനില്‍ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന എസ്.ശങ്കരപ്പക്ക് എതിരെയും കുറ്റം ചുമത്തിയിട്ടുണ്ട്.

വീരയ്യയും ശങ്കരപ്പയും സർക്കാർ ഫണ്ട് വെട്ടിക്കാന്‍ ഒത്തുകളിച്ചു. ഡയറക്‌ടേഴ്‌സ് ബോർഡ് യോഗത്തിൻ്റെ കരട് രേഖയിൽ കൃത്രിമം കാണിച്ച് അധികാര ദുർവിനിയോഗം നടത്തി. കുറ്റപത്രത്തിൽ പറയുന്നു. മൂന്ന് കമ്പനികള്‍ക്ക് 39.25 കോടിയുടെ 668 നിർമാണങ്ങൾക്ക് അനുമതി നൽകിയതിന്റെ തെളിവുകൾ കുറ്റപത്രത്തിലുണ്ട്.

ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത 765 ഫയലുകളിൽ ഏറെയും വ്യാജ രേഖകളാണെന്നു കണ്ടെത്തി. അഞ്ചു ലക്ഷം രൂപയിൽ കൂടുതൽ കരാർ നൽകുമ്പോൾ ടെൻഡർ വിളിക്കണമെന്നാണ് ചട്ടം. ഇതു ലംഘിച്ചുകൊണ്ടായിരുന്നു ഫണ്ട് തിരിമറി. നിയമങ്ങൾ മാറ്റി മൂന്ന് സ്ഥാപനങ്ങൾക്ക് വർക്ക് ഓർഡറുകൾ നല്‍കി. ഇവർ മുഖേന വീരയ്യയും ശങ്കരപ്പയും കോര്‍പ്പറേഷന്‍ ഫണ്ട് തട്ടിയെടുത്തതായാണ് കുറ്റപത്രത്തില്‍ പറയുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top