എക്‌സാലോജിക്ക് ഹര്‍ജി ഒട്ടും പരിഗണന അര്‍ഹിക്കുന്നില്ല; വീണയ്ക്കെതിരായ അന്വേഷണം നിയമപരം; കര്‍ണ്ണാടക ഹൈക്കോടതിയുടെ വിധി പകര്‍പ്പ് പുറത്ത്

ബെംഗളൂരു: മുഖ്യമന്ത്രിയുടെ മകള്‍ ടി.വീണയുടെ കമ്പനിയായ എക്‌സാലോജിക്കിനെതിരായ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റഗേഷന്‍ ഓഫീസ് (എസ്എഫ്ഐഒ) അന്വേഷണം റദ്ദാക്കണമെന്ന ഹര്‍ജി ഒട്ടും പരിഗണന അര്‍ഹിക്കുന്നതല്ലെന്ന് കര്‍ണ്ണാടക ഹൈക്കോടതി. ഇന്ന് പുറത്തു വന്ന വിധി പകര്‍പ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എക്‌സാലോജിക്കിനെതിരായ അന്വേഷണം തീര്‍ത്തും നിയമപരമാണ്. എല്ലാ നിയമവും പാലിച്ച് നടക്കുന്ന അന്വേഷണം തടയാന്‍ കഴിയില്ലെന്നും ജസ്റ്റിസ് എം നാഗപ്രസന്നയുടെ വിധിയില്‍ പറയുന്നു.
അന്വേഷണം തടയണം എന്നാവശ്യപ്പെട്ട് എക്‌സാലോജിക്ക് ഉന്നയിച്ച ഒരു വാദങ്ങളും നിലനില്‍ക്കുന്നതല്ല. അന്വേഷണം ഏത് ഘട്ടത്തില്‍ ആണ് എസ്എഫ്‌ഐഒയ്ക്ക് കൈമാറേണ്ടത് എന്നത് കൃത്യമായി നിയമത്തില്‍ പറയുന്നുണ്ട്. ഇതെല്ലാം പാലിച്ചാണ് ഇപ്പോഴത്തെ അന്വേഷണം നടക്കുന്നത്. അതിനാല്‍ ഇടപെടാനാകില്ലെന്നും 46 പേജുള്ള വിധി പകര്‍പ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലെ അന്വേഷണം തുടരാമെന്ന ഒറ്റവരി വിധി മാത്രമാണ് ഹൈക്കോടതിയില്‍ നിന്നുമുണ്ടായത്. വിധി പകര്‍പ്പില്‍ പറയുന്ന കാര്യങ്ങള്‍ വീണയ്ക്ക് കനത്ത തിരിച്ചടിയാണ് നല്‍കുന്നത്.
എക്സാലോജിക്കും കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലും തമ്മിലുള്ള 1.72 കോടിയുടെ ഇടപാടില്‍ വന്‍ ക്രമക്കേട് നടന്നുവെന്ന ആദായനികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലോടെയാണ് മാസപ്പടി വിവാദമുണ്ടായത്. ഈ വിഷയത്തില്‍ രജിസ്ട്രാര്‍ ഓഫ് കമ്പനീസ് അന്വേഷണവും നടക്കുന്നുണ്ട്. ഇത്കൂടാതെയാണ് കേന്ദ്രസര്‍ക്കാര്‍ എസ്എഫ്ഐഒ അന്വേഷണം പ്രഖ്യാപിച്ചത്. കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലിലും, അവരുമായി ഓഹരി പങ്കാളിത്തമുള്ള പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഡിസിയിലും എസ്എഫ്ഐഒ പ്രാഥമിക പരിശോധനകള്‍ നടത്തിയിരുന്നു. പിന്നാലെ എക്സാലോജിക്കിന്റെ ഡയറക്ടറെന്ന നിലയില്‍ വീണയെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കുമെന്ന ഘട്ടമെത്തിയപ്പോഴാണ് കമ്പനി കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്.
കര്‍ണ്ണാടക ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് എക്‌സാലോജിക്കിന്റെ തീരുമാനം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here